ശാസ്ത്ര ഗവേഷണ പരീക്ഷണങ്ങൾക്ക് സൗദി ബഹിരാകാശ യാത്രികർ സജ്ജം
text_fieldsജിദ്ദ: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽഖർനിയും ബഹിരാകാശ യാത്രക്ക് സജ്ജമായതായി സൗദി ബഹിരാകാശ അതോറിറ്റി വ്യക്തമാക്കി. 2023 രണ്ടാം പാദത്തിലാണ് ഇവർ യാത്രക്ക് പദ്ധതിയിട്ടിരിക്കുന്നത്. ഒമ്പത് മാസം നീണ്ടുനിന്ന പരിശീലന പരിപാടികൾ പൂർത്തിയായി.
പരിശീലന കാലയളവ് വിജയകരമായി പൂർത്തിയാക്കി ഇരുവരും യാത്രക്ക് മുന്നോടിയായുള്ള ക്വാറന്റീനിൽ പ്രവേശിച്ചതായും അതോറിറ്റി പറഞ്ഞു. യാത്രക്കിടെ മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 14 ശാസ്ത്ര ഗവേഷണ പരീക്ഷണങ്ങൾ നടത്താനാണ് ഇരുവരും ലക്ഷ്യമിടുന്നത്.
മൂന്നെണ്ണം വിദ്യാഭ്യാസപരവും അവബോധപരവുമായ പരീക്ഷണമാണ്. ബഹിരാകാശ യാത്രികർക്കായുള്ള രാജ്യത്തിന്റെ പദ്ധതിയിൽപ്പെട്ടതാണ് ബഹിരാകാശ യാത്ര. ഇത് രാജ്യത്തിന്റെ അഭിലാഷങ്ങളും ബഹിരാകാശ മേഖലയിൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങളും കൈവരിക്കാൻ സഹായിക്കുമെന്നും ബഹിരാകാശ അതോറിറ്റി പറഞ്ഞു.
പെൻസവേനിയയിലെ ദേശീയ ബഹിരാകാശ പരിശീലന ഗവേഷണ കേന്ദ്രത്തിൽ ‘ആക്സിയോംസ് പേസ്’, ‘സ്പേസ് എക്സ്’ എന്നീ കമ്പനികൾക്കൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കാൻ ആവശ്യമായ ഉപകരണങ്ങളും നടപടിക്രമങ്ങളും ഇരുവരെയും പരിശീലിപ്പിച്ചു.
ബഹിരാകാശയാത്രികർ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നുഴഞ്ഞുകയറുന്നതടക്കം അനുകരിക്കുന്ന പരീക്ഷണങ്ങൾ നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പരിസ്ഥിതിയെ അനുകരിക്കുന്ന പരിശീലനം നാസ ജോൺസൺ സെൻററിൽവെച്ച് ലഭിച്ചതായും അതോറിറ്റി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽഖർനിയും ഫ്ലോറിഡയിലെത്തിയത്.
ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നതിന്റെ ഭാഗമായ ക്വാറൻറീൻ അടക്കമുള്ള തയാറെടുപ്പുകൾക്കാണ് ഇരുവരും ഫ്ലോറിഡയിലെത്തിയതെന്ന് സൗദി ബഹിരാകാശ അതോറിറ്റി ട്വിറ്ററിൽ അറിയിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്ന ആദ്യത്തെ സൗദി, അറബ്, മുസ്ലിം ബഹിരാകാശ സഞ്ചാരിയാണ് റയാന അൽ ബർനാവി. സഹപ്രവർത്തകൻ അലി അൽഖർനി സൗദിയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാണ്.
അതേസമയം, ബഹിരാകാശ ദൗത്യത്തിൽ സൗദിയെ പ്രതിനിധാനം ചെയ്യുന്നതിലും റയാന ബർനാവിയും അലി അൽഖർനിയും അഭിമാനം പ്രകടിപ്പിച്ചു. ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ ആഗോളതലത്തിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും മാനവരാശിയെ സേവിക്കുന്നതിനും രാജ്യത്തിന്റെ അഭിലാഷങ്ങളും ബഹിരാകാശ മേഖലയിൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യുമെന്നും വലിയ ഉത്തരവാദിത്തമാണെന്നും അൽബർനാവി പറഞ്ഞു. തന്റെ അഭിലാഷത്തിന് പരിധിയില്ലെന്ന് അലി അൽഖർനി പറഞ്ഞു.
ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ ലക്ഷ്യങ്ങൾ മനുഷ്യരാശിയെ സേവിക്കുന്നതിൽനിന്നും വിവിധ മേഖലകളിൽ ശാസ്ത്രത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.