കൈറോ സമാധാന ഉച്ചകോടിയിൽ സൗദി; ‘പ്രതിസന്ധി പരിഹരിക്കാൻ യു.എന്നിന് കഴിയാത്തതിൽ നിരാശ’
text_fieldsജിദ്ദ: ഫലസ്തീനിൽ വെടിനിർത്തൽ ആവർത്തിച്ച് ആവശ്യപ്പെട്ട് സൗദി അറേബ്യ. കൈറോയിൽ നടന്ന സമാധാന ഉച്ചകോടിയിൽ പ്രസംഗിക്കവെ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് അടിയന്തര നടപടിയാവശ്യം ഉന്നയിച്ചത്. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് ഗസ്സയിലേക്ക് സുരക്ഷിത ഇടനാഴികൾ ഉടൻ തുറക്കണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ഉപരോധം പിൻവലിക്കാനും നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന സൈനിക നടപടി അവസാനിപ്പിക്കാനും ഇസ്രായേലിനെ നിർബന്ധിക്കാൻ ഉറച്ച നിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു.
അന്താരാഷ്ട്ര സമൂഹത്തിൽ ചിലർ പ്രയോഗിക്കുന്ന ഇരട്ടത്താപ്പിനെ സൗദി നിരാകരിക്കുന്നു. ഗൗരവകരമായ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേൽ നിലപാട് പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്. ഫലസ്തീനികളെ ഇസ്രായേൽ നിർബന്ധിതമായി കുടിയിറക്കുന്നതിനെ അനുവദിക്കാൻ കഴിയില്ല. സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനും സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം.
ആവർത്തിച്ചുള്ള ആക്രമണങ്ങളിൽനിന്ന് ഈ മേഖലയെ സംരക്ഷിക്കുന്നതിനും രക്തച്ചൊരിച്ചിൽ തടയുന്നതിനും പൊതുവായതും സമഗ്രവും സുസ്ഥിരവുമായ സമാധാനം സ്ഥാപിക്കുന്നതിനും ഉടനടി പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ നിർണായക ഇടപെടലിന് ഈ ഉച്ചകോടി പ്രേരണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി അവർക്കൊപ്പം ചേർന്നുനിൽക്കാൻ സൗദി പ്രതിജ്ഞാബദ്ധമാണ്.
യു.എൻ രക്ഷാസമിതിക്ക് ഈ പ്രതിസന്ധിയിൽ കൃത്യമായ നിലപാട് എടുക്കാൻ കഴിയാത്തതിൽ സൗദിക്ക് കനത്ത നിരാശയുണ്ട്.ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാ പങ്കാളികളുമായും സൗദി അതിന്റെ ശ്രമങ്ങൾ തുടരും. ഗസ്സയിൽ കണ്ടുകൊണ്ടിരിക്കുന്ന അപകടകരമായ സംഭവവികാസങ്ങളെക്കുറിച്ച് പ്രാദേശികവും അന്തർദേശീയവുമായ ഏകോപനവും കൂടിയാലോചനയും മെച്ചപ്പെടുത്താൻ ഈജിപ്ത് പ്രസിഡന്റ് അൽ സിസിയും സർക്കാറും നടത്തുന്ന ശ്രമങ്ങൾക്ക് നന്ദിയുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുവേണ്ടി കൈറോ സമാധാന ഉച്ചകോടിയിൽ പെങ്കടുക്കാൻ സൗദി പ്രതിനിധി സംഘം തലവനായി വിദേശകാര്യ മന്ത്രി ശനിയാഴ്ച രാവിലെയാണ് ഈജിപ്തിലെത്തിയത്. നിരവധി സഹോദര സൗഹൃദ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.