സൗദി അധികൃതർ ഇന്ത്യൻ പ്രവാസികളെ കുറിച്ച് പറഞ്ഞത് നല്ല വാക്കുകൾ -മന്ത്രി പീയൂഷ് ഗോയൽ
text_fieldsറിയാദ്: ഔദ്യോഗിക സന്ദർശനത്തിനിടെ സൗദി അധികൃതരിൽനിന്ന് ഇവിടെയുള്ള ഇന്ത്യൻ പ്രവാസികളെ കുറിച്ച് കേട്ടത് നല്ല വാക്കുകളാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. റിയാദ് ഇന്ത്യൻ എംബസിയിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. നിരവധി സൗദി മന്ത്രിമാരുമായി സംസാരിച്ചപ്പോൾ ഇന്ത്യൻ പ്രവാസി സമൂഹത്തെ കുറിച്ച് നല്ല അഭിപ്രായങ്ങൾ മാത്രമാണ് പറഞ്ഞത്. എല്ലാവരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുകയായിരുന്നു. ഇന്ത്യൻ പ്രവാസികൾ കഠിനാധ്വാനികളാണ്, അവർ ഒരു പ്രശ്നവുമുണ്ടാക്കാറില്ല, വളരെ ശാന്തരായി ജോലിയിൽ മാത്രം വ്യാപൃതരാവുന്നു, ആത്മാർഥമായ പ്രവർത്തനമാണ് അവരുടേത് എന്നൊക്കെയാണ് സൗദി മന്ത്രിമാർ പറഞ്ഞത്.
അതുകേട്ടപ്പോൾ തനിക്ക് അഭിമാനം തോന്നിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നമ്മൾ വിദേശത്താണെങ്കിലും ഇന്ത്യൻ പാരമ്പര്യങ്ങളും കലകളും അതുപോലെ പിന്തുടരുന്നു എന്നതും സന്തോഷകരവും അഭിമാനകരവുമാണ്. നമ്മൾ പ്രവാസികൾ പ്രത്യേകാനുകൂല്യങ്ങള് അനുഭവിക്കുന്നവരാണ്. അത്രയൊന്നുമില്ലാത്ത, അടിസ്ഥാന ജീവിതസൗകര്യങ്ങൾ പോലുമില്ലാത്ത നമ്മുടെ നാട്ടിലുള്ള ആളുകളെ സഹായിക്കുന്നതിൽ പ്രവാസികൾ എപ്പോഴും മുന്നിലാണ്.
ചെറിയ കൂട്ടായ്മകളിലൂടെയൊക്കെ തന്നെ പ്രവാസികൾ സ്വന്തം ഗ്രാമങ്ങളിലെയും ചുറ്റുപാടുകളിലെയും ആളുകളെ സഹായിക്കണം. അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിലൊക്കെ ചെയ്യാൻ കഴിയുന്നത്ര സഹായങ്ങൾ ചെയ്യണം. ഇന്ത്യ ഉയർന്നുവരുന്ന ഒരു ശക്തിയായി ലോകത്തിന് മുന്നിൽ മാറിക്കൊണ്ടിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയും അതുപോലെ ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ ഇന്ത്യൻ ജനതയുടെ ക്ഷേമകാര്യങ്ങൾക്കായി ഒട്ടേറെ പദ്ധതി നടപ്പാക്കിയതായി മന്ത്രി വാചാലനായി. ഗ്രാമങ്ങളിലുൾപ്പെടെ ഓരോ വീട്ടിലും ഗ്യാസ് കണക്ഷൻ നൽകി.
വെളിയിട വിസർജനം ഇല്ലായ്മ ചെയ്യാനായി ശൗചാലയങ്ങൾ നിർമിച്ചു. ഇതെല്ലാം ഗ്രാമീണ ജനതയെ അവരുടെ അടിസ്ഥാനനിലവാരം മുതൽ നന്നാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ്. ഇതിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ പിന്തുണ വളരെ വിലപ്പെട്ടതാണ്. ഇന്ത്യയുടെ വളർച്ചയിൽ പ്രവാസി സമൂഹത്തിെൻറ പങ്ക് വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു. സൗദിയിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് നിരവധിയാളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.