സൗദി ബാങ്കുകളിലെ റമദാൻ സമയവും രണ്ട് പെരുന്നാൾ അവധി ദിനങ്ങളും പ്രഖ്യാപിച്ചു
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ബാങ്കുകളുടെയും സാമ്പത്തിക കൈമാറ്റ കേന്ദ്രങ്ങളുടെയും (മണി ട്രാൻസ്ഫർ സ്ഥാപനം) റമദാനിലെ പ്രവൃത്തി സമയവും ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ അവധി ദിനങ്ങളും സെൻട്രൽ ബാങ്ക് (സമ) പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്കിന്റെ നിർദേശങ്ങൾ അനുസരിച്ച്, റമദാൻ മാസത്തിൽ ബാങ്കുകളുടെ ദൈനംദിന പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകീട്ട് 4 വരെ ആയിരിക്കും.
ബാങ്കുകളുമായി അഫിലിയേറ്റ് ചെയ്ത സാമ്പത്തിക കൈമാറ്റ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയുള്ള ഏതെങ്കിലും സമയത്ത് തുടർച്ചയായ ആറ് മണിക്കൂർ സ്ഥാപനങ്ങൾക്ക് തിരഞ്ഞെടുക്കാം. ബാങ്കുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഈദുൽ ഫിത്വർ അവധി ഏപ്രിൽ 29 വെള്ളി മുതൽ മെയ് ഏഴ് ശനി വരെയായിരിക്കും. മെയ് എട്ട് പ്രവൃത്തി ദിനമായിരിക്കും. ഈദുൽ അദ്ഹ അവധി ജൂലൈ ഏഴ് വ്യാഴാഴ്ച മുതൽ ജൂലൈ 12 ചൊവ്വ വരെയായിരിക്കും. ജൂലൈ 13 പ്രവൃത്തി ദിനമായിരിക്കും.
എന്നാൽ, ഹജ്ജ് സീസണിൽ തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകാൻ തീർഥാടകർ രാജ്യത്തെത്തുന്ന പ്രദേശങ്ങളിലും നഗരങ്ങളിലും മക്ക, മദീന, രാജ്യാതിർത്തികൾ എന്നിവിടങ്ങളിലെയും ബാങ്കുകളുടെ ഓഫിസുകളും ശാഖകളും അവധി ദിനങ്ങളിലും വെള്ളി, ശനി ദിവസങ്ങളിലും തുടർച്ചയായി തുറന്നിരിക്കണം.
കൂടാതെ ജനസാന്ദ്രതയുള്ളതും ജനത്തിരക്കേറിയതുമായ പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും വിവിധ അതിർത്തി പ്രദേശങ്ങളിലും പണമിടപാട് കേന്ദ്രങ്ങളുടെ ശാഖകൾക്ക് പുറമെ ബാങ്കുകൾ അവരുടെ ശാഖകൾ ആവശ്യാനുസരണം അവധി ദിവസങ്ങളിൽ പ്രവർത്തിക്കണം. ഈ ശാഖകളുടെ പേരുകളും അവയുടെ പ്രവർത്തന സമയവും സെൻട്രൽ ബാങ്ക് ഉചിതമായ മാർഗങ്ങളിലൂടെ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.