നേരിയ കമ്മിയുമായി സൗദി ബജറ്റ് 2024; പ്രതീക്ഷിക്കുന്ന ചെലവ് 1.25 ലക്ഷം കോടി റിയാൽ
text_fieldsജിദ്ദ: 1.25 ലക്ഷംകോടി റിയാൽ ചെലവും 1.17 ലക്ഷം കോടി റിയാൽ വരുമാനവും പ്രതീക്ഷിക്കുന്ന 2024ലേക്കുള്ള പൊതു ബജറ്റ് സൗദി ധനമന്ത്രാലയം പ്രഖ്യാപിച്ചു. 2024ലെ സാമ്പത്തിക വർഷ ബജറ്റിൽ ജി.ഡി.പിയുടെ ഏകദേശം 1.9 ശതമാനം കമ്മി രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ബജറ്റ് സംബന്ധിച്ച ആദ്യ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.
ചെലവുകളുടെയും സാമ്പത്തിക നിയന്ത്രണത്തിന്റെയും കാര്യക്ഷമതയും ഫലപ്രാപ്തിയും പൊതുധനകാര്യങ്ങളുടെ സുസ്ഥിരതയും വർധിപ്പിക്കുന്നതിനും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും ‘വിഷൻ 2030’ന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റ്. എന്നാൽ പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കി വളർച്ച സ്ഥിരതയുടെ നിരക്ക് ഉയർത്തുകയും സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക മേഖലകളിൽ ഘടനാപരമായ പരിഷ്കാരങ്ങളുടെ പ്രക്രിയ സർക്കാർ തുടരുകയാണെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. കരുത്തുറ്റ സാമ്പത്തിക സ്ഥിതി, ശക്തമായ സർക്കാർ കരുതൽ, സുസ്ഥിരമായ പൊതുകടം എന്നിവ സൗദി സമ്പദ് വ്യവസ്ഥ ആസ്വദിച്ചുകൊണ്ടിരിക്കുന്നു. ഭാവിയിലെ ഏത് പ്രതിസന്ധികളെയും ഉൾക്കൊള്ളാൻ ഇത് സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2024 ലെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് യഥാർഥ ജി.ഡി.പി വളർച്ച 4.4 ശതമാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ ഒരു വീണ്ടെടുക്കൽ ഇടത്തരം കാലയളവിൽ വരുമാനത്തെ നല്ല സ്ഥിതിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 സാമ്പത്തിക വർഷം 1.17 ലക്ഷംകോടി റിയാലാണ് പ്രതീക്ഷിക്കുന്നതെങ്കിൽ 2026 ൽ വരുമാനം ഏകദേശം 1.25 ലക്ഷംകോടി റിയാലിലെത്തുമെന്നാണ് കണക്കാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. 2024 സാമ്പത്തിക വർഷത്തെ 1.25 ലക്ഷംകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 2026 ൽ മൊത്തം ചെലവ് ഏകദേശം 1.36 ലക്ഷംകോടി റിയാലിലെത്തുമെന്നും കരുതുന്നു. പ്രതീക്ഷിച്ച ബജറ്റ് കമ്മി നികത്തുന്നതിനും 2024ൽ കുടിശിക തിരിച്ചടക്കുന്നതിനുമായി അംഗീകൃത വാർഷിക വായ്പാപദ്ധതിക്ക് അനുസൃതമായി സർക്കാർ വായ്പയെടുക്കുന്നത് തുടരുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.