സൗദി ബജറ്റ് വിശകലനം; ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ് 'കോണ്‍ക്ലേവ്' ശ്രദ്ധേയമായി
text_fieldsജിദ്ദ: സൗദിയുടെ ബജറ്റിനെക്കുറിച്ചും നിക്ഷേപാവസരങ്ങളെക്കുറിച്ചും വിശകലനം ചെയ്ത് സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ് (ബിഗ്) സംഘടിപ്പിച്ച 'കോണ്‍ക്ലേവ്' ശ്രദ്ധേയമായി. ജിദ്ദ റമാദ ഹോട്ടലില്‍ പ്രമുഖ വിശകലന വിദഗ്ധരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച കോണ്‍ക്ലേവിൽ നിരവധി മലയാളി സംരംഭകരും സാമൂഹിക, സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ക്കും സംബന്ധിച്ചു. മലയാളി സമൂഹത്തിനിടയില്‍ സൗദി ബജറ്റിനെക്കുറിച്ച് വിശകലം ചെയ്യുന്ന ആദ്യ പരിപാടിയായിരുന്നു ഇത്. പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും ഇമേജ് ഡയറക്ടറുമായ അഡ്വ. എസ്. മമ്മു പരിപാടി ഉദ്ഘാടനം ചെയ്തു.
സൗദി വാര്‍ഷിക ബജറ്റ് വിശദാംശങ്ങളെക്കുറിച്ച് ഹീലിയോണ്‍ റീജനല്‍ സപ്ലൈ പ്ലാനിങ് മാനേജര്‍ ഫസ്ലിന് അബ്ദുല്‍ ഖാദര്‍ അവതരിപ്പിച്ചു. സാമ്പത്തിക രംഗത്ത് സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങളും 2030 ലക്ഷ്യമിട്ട് രാജ്യം ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എണ്ണ ഉല്പാദന രാജ്യമായിരുന്നിട്ടും ഹരിതോര്‍ജത്തെ പ്രോത്സാഹിപ്പിക്കാനും എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനും ഭര്‍ണകര്‍ത്താക്കള്‍ കാണിക്കുന്ന താല്പര്യം എത്രമാത്രമാണെന്ന് കണക്കുകൾ സഹിതം ഫസ്ലിന് അബ്ദുല്‍ ഖാദര്‍ വിവരണം നൽകി. ഐ.ടി, എ.ഐ രംഗത്ത് സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങളും രാജ്യത്ത് ഭാവിയിൽ വരാനിരിക്കുന്ന ഐ.ടി വിപ്ലവാത്മക പരിവര്‍ത്തനത്തെക്കുറിച്ചും ജോട്ടന്‍ പെയിന്റ് ഐ.ടി വിഭാഗം മേധാവി അഷ്റഫ് കുന്നത്ത് വിശദീകരിച്ചു. ഏതു ചെറിയ സംരംഭമായാലും നൂതന സാങ്കേതികവിദ്യ കരഗമാക്കുകയും ഇതിനായി ബജറ്റില്‍ ഒരു തുക മാറ്റിവെക്കുകയും അത് പ്രയോജനപ്പെടുത്തി സേവനങ്ങളും പ്രവര്‍ത്തനങ്ങളും പുതുക്കിക്കൊണ്ടിരിക്കുകയും വേണമെന്ന് അദ്ദേഹം ഉണർത്തി.
ഏതു വികസനവും സാധ്യമാകണമെങ്കില്‍ അതില്‍ ലോജിസ്റ്റിക് ഇന്‍ഡസ്ട്രിക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നനിടത്തായിരിക്കണം ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശ്രദ്ധയെന്നും ഫാല്‍ക്കണ്‍ ഫ്രെയ്റ്റ് ലോജിസ്റ്റിക്സ് ആൻഡ് ഗ്രൂപ് ഓഫ് കമ്പനീസ് സി.ഇ.ഒ അബ്ദുല്‍ മജീദ് പറഞ്ഞു. ചരക്കു ഗതാഗതരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സൗദിയിലെ സാംസ്കാരിക പൈതൃകത്തെയും പാരമ്പര്യത്തെയും തുറന്നുകാട്ടി വിനോദ സഞ്ചാര മേഖലയെ എങ്ങനെ പരിപോഷിപ്പിക്കാമെന്നും അതിലേക്ക് ലോക വിനോദ സഞ്ചാരികളെ എങ്ങനെ ആകര്ഷിക്കാമെന്നുമുള്ളതിനു മാതൃകയായി സൗദി അറേബ്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് മീഡിയവണ്‍ ടിവി സൗദി ബ്യൂറോ കറസ്പോണ്ടന്റ് അഫ്താബുറഹ്മാന്‍ പറഞ്ഞു. ഏതു സംരംഭകനും സൗദിയിൽ ടൂറിസം രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പഠിക്കാനുമായി രാജ്യത്താകമാനം യാത്രകള്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകള്‍ അനവധിയാണെന്നും അഫ്താബ് ചൂണ്ടിക്കാട്ടി. വ്യക്തമായ പ്ലാനിങോടും അവബോധത്തോടും കൂടിയായിരിക്കണം ഏതു സംരംഭകനും മാറ്റങ്ങള്‍ വരുത്തേണ്ടതെന്ന് അനലിറ്റിക്സ് അറേബ്യ കോഫൗണ്ടറും മാനേജിംങ് ഡയറക്ടറുമായ നിഷാദ് അബ്ദുറഹിമാനും മാനേജിങ് ഡയറക്ടറും ടാക്സ് ഏജന്റുമായ ഷിഹാബ് തങ്ങളും പറഞ്ഞു. രാജ്യത്തെ മാറ്റങ്ങളെ ഉൾകൊണ്ടുള്ള പരിവര്‍ത്തനത്തിനു മുതിരുന്നവര്‍ക്കു മാത്രമേ ബിസിനസ് രംഗത്ത് പിടിച്ചു നില്‍ക്കാനാവൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിഷയ വിദഗ്ധരുടെ പാനല്‍ സദസ്സിൽ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. വിഷയാവതാകര്ക്ക് അബ്ദുറഹിമാന് പട്ടര്‍കടവന്‍, ഡോ. ജംഷീദ്, എ.എം അഷ്റഫ്, അമീര്‍ അലി, മുഹമ്മദലി ഓവുങ്ങല്‍ എന്നിവര്‍ ഉപഹാരം നല്കി. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്മാന് മുഹമ്മദ് കുഞ്ഞി, പ്രോഗ്രാം കണ്‍വീനര്‍ കെ.എം റിയാസ് എന്നിവര്‍ നേതൃത്വം നല്കി. റഷീദ് അമീര്‍ പരിപാടി നിയന്ത്രിച്ചു.
ബിഗ് ഹെഡ് മുഹമ്മദ് ബൈജു സ്വാഗതവും സിജി ജിദ്ദ ചാപ്റ്റര്‍ വൈസ് ചെയര്മാന് മുഹമ്മദലി ഓവുങ്ങള്‍ നന്ദിയും പറഞ്ഞു. കെ.ടി അബൂബക്കർ പ്രാർഥന നടത്തി. അക്മല മുഹമ്മദ് ബൈജു അവതാരകയായിരുന്നു. വിഷയാവതാരകരെ പരിയപ്പെടുത്തിയുള്ള ഹൃസ്വചിത്രത്തിന് നജീബ് വെഞ്ഞാറമൂട് ശബ്ദം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.