സൗദി ബജറ്റ്: പ്രതീക്ഷിക്കുന്ന വരുമാനം 903 ശതകോടി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ സാമ്പത്തിക പരിഷ്ക്കരണ പ്രവർത്തനങ്ങളും ദേശീയ പരിവർത്തന പദ്ധതിയും (വിഷൻ 2030) സംരംഭങ്ങളും നടപ്പാക്കുന്നത് തുടരുകയാണെന്ന് ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു.
2022 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രസ്താവന. പുതിയ വർഷത്തിൽ 903 ശതകോടി റിയാൽ വരുമാനം പ്രതീക്ഷിക്കുന്നു. കമ്മി ഏകദേശം 52 ശതകോടി റിയാലും. ചെലവിടലിെൻറ കാര്യക്ഷമത വർധിപ്പിക്കുക, സാമ്പത്തിക സുസ്ഥിരത നിലനിർത്തുക, വിഷൻ ലക്ഷ്യങ്ങൾ കൈവരിക്കുക, വികസന നിധികൾക്കും സ്വകാര്യമേഖലക്കും കൂടുതൽ അവസരം സൃഷ്ടിക്കുക എന്നിവ തുടരുന്നതോടൊപ്പം 2022ൽ ചെലവുകൾ 955 ശതകോടി റിയാലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിെൻറ സാമ്പത്തിക വീണ്ടെടുക്കലിലേക്കുള്ള ക്രമാനുഗതമായ തിരിച്ചുവരവ് പുതിയ വർഷത്തിൽ നല്ല പുരോഗതിയിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കുന്ന സർക്കാറിെൻറ പ്രയത്നങ്ങളുടെ സദ്ഫലം പ്രതിഫലിപ്പിക്കുന്നതാണ് ബജറ്റ്. വരുമാന വളർച്ചയിലേക്ക് സമ്പദ്വ്യവസ്ഥയെ നയിക്കുന്നതിൽ ഈ പദ്ധതികൾ വലിയ പങ്കാണ് വഹിക്കുന്നത്. 2024ൽ വരുമാന വളർച്ച ഏകദേശം 992 ശതകോടി റിയാലിലെത്തിക്കാനാണ് ശ്രമം. കോവിഡ് പ്രത്യാഘാതങ്ങൾക്ക് ശേഷം പ്രാദേശികവും ആഗോളവുമായ സാമ്പത്തിക വീണ്ടെടുക്കൽ പ്രതീക്ഷക്ക് വക നൽകുന്നതാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സർക്കാർ അംഗീകരിച്ച ചെലവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അടുത്ത സാമ്പത്തിക വർഷവും നിലനിർത്തും. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിനുമുള്ള സംരംഭങ്ങൾ വേഗത്തിലുള്ള വളർച്ചക്ക് കാരണമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് സർക്കാർ സ്വീകരിച്ച നടപടികളെ ധനമന്ത്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.