സൗദി ബജറ്റ്: രണ്ടാം പാദത്തിൽ 77.9 ശതകോടി റിയാൽ മിച്ചം
text_fieldsജിദ്ദ: സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചതായി രണ്ടാംപാദ റിപ്പോർട്ടിൽ ധനമന്ത്രാലയം. ആകെ വരുമാനം 370.3 ശതകോടി റിയാലും ആകെ ചെലവ് 292.4 ശതകോടി റിയാലും കവിഞ്ഞു. 77.9 ശതകോടി റിയാലാണ് ബജറ്റിലെ മിച്ചമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം രണ്ടാമത്തെ മൂന്നുമാസ കാലയളവിൽ എണ്ണവരുമാനം 250.36 ശതകോടി റിയാൽ കവിഞ്ഞിട്ടുണ്ട്. മുൻവർഷത്തെ ഇതേ കാലയളവിലെ വരുമാനത്തെക്കാൾ 89 ശതമാനമാണ് വർധന. കഴിഞ്ഞവർഷം രണ്ടാംപാദത്തിൽ 132.15 ശതകോടി റിയാൽ മാത്രമായിരുന്നു എണ്ണ വരുമാനം.
ഈ വർഷം രണ്ടാംപാദത്തിലെ എണ്ണേതര വരുമാനം 120 ശതകോടി റിയാലിൽ എത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാൾ മൂന്നുശതമാനം വർധനയുണ്ട്. അന്ന് എണ്ണേതര വരുമാനം 115.95 ശതകോടി റിയാലായിരുന്നു. വരുമാനം, ലാഭം, മൂലധന നേട്ടം എന്നിവയുടെ നികുതിയിൽനിന്നുള്ള വരുമാനം 64 ശതകോടി റിയാൽ ആണ്. ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി (വാറ്റ്), മറ്റ് നികുതികൾ എന്നിവയിലൂടെയുള്ള വരുമാനം 19 ശതകോടി റിയാലായി. 20.2 ശതകോടി റിയാലിന്റെ മറ്റ് വരുമാനവും ഈ രണ്ടാംപാദത്തിൽ ബജറ്റ് നേടിയിട്ടുണ്ട്. ഈ വർഷം ആദ്യ ആറു മാസത്തിനിടെ സൗദി ബജറ്റ് മിച്ചത്തിന്റെ മൂല്യം 135 ശതകോടി റിയാൽ കവിഞ്ഞു. ആദ്യ മൂന്നുമാസം 57.5 ശതകോടിയും രണ്ടാം പാദം 77.9 ശതകോടിയുമാണ് മിച്ചമൂല്യം.
2021ന്റെ ആദ്യ പകുതിയിലെ 452.8 ശതകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ മൊത്തവരുമാനം 43 ശതമാനം വർധിച്ച് 648.3 ശതകോടി റിയാലായി. മൊത്തം ചെലവുകൾ ഏകദേശം 292.4 ശതകോടി റിയാലാണ്. കഴിഞ്ഞവർഷം രണ്ടാം പാദത്തിലെ 292.45 ശതകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം വർധനയുണ്ട്. ഈ വർഷത്തെ ആദ്യ പകുതിയിലെ ചെലവുകൾ 512.9 ശതകോടി റിയാലെന്ന് സൗദി ബജറ്റ് കണക്കുകൾ വെളിപ്പെടുത്തുന്നു. 2021ലെ ഇതേ കാലയളവിലെ ചെലവ് 464.9 ശതകോടി റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ, 10 ശതമാനം വർധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.