ആകാശത്തുവെച്ച് ഇന്ധനം നിറക്കാൻ കഴിയുന്ന വിമാനങ്ങൾ സൗദി വാങ്ങുന്നു
text_fieldsജിദ്ദ: ആകാശത്തുവെച്ച് ഇന്ധനം നിറക്കാൻ കഴിയുന്ന നാല് എയർബസ് (എ 330 എം.ആർ.ടി.ടി) വിമാനങ്ങൾ വാങ്ങാൻ സൗദി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു.
റോയൽ സൗദി എയർഫോഴ്സിന്റെ പ്രവർത്തനശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയത്തിലെ എക്സിക്യൂട്ടിവ് അഫയേഴ്സ് പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ അൽബിയാരിയും എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് സി.ഇ.ഒ ജീൻ ബ്രൈസ് ഡുമോണ്ടുമാണ് കരാറിൽ ഒപ്പുവെച്ചത്.
പുതിയ വിമാനങ്ങൾ വാങ്ങുന്നതിലൂടെ ആകാശത്തുനിന്ന് വിമാന ഇന്ധനം നിറക്കൽ, ദീർഘദൂര ഗതാഗതം, ഷിപ്പിങ് പ്രവർത്തനങ്ങൾ എന്നിവയിൽ റോയൽ സൗദി എയർ ഫോഴ്സിന്റെ പ്രവർത്തനശേഷി ഉയർത്താൻ ലക്ഷ്യമിടുന്നുവെന്ന് പ്രതിരോധ മന്ത്രാലയം എക്സിക്യൂട്ടിവ് അഫയേഴ്സ് പ്രതിരോധ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധശേഷി വികസിപ്പിക്കുന്നതിലും പ്രതിരോധ മന്ത്രാലയത്തിന്റെ കഴിവുകൾ വർധിപ്പിക്കുന്നതിനുമാണെന്നും മന്ത്രി പറഞ്ഞു.
എയർബസ് എ 330 എം.ആർ.ടി.ടി വിമാനം പുതിയ തലമുറയിൽപെട്ടതാണെന്നും ഗതാഗതത്തോടൊപ്പം ആകാശത്തുനിന്ന് ഇന്ധനം നിറക്കാൻ കഴിയുന്നതാണെന്നും എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് സി.ഇ.ഒ പറഞ്ഞു. ഈ വിമാനങ്ങളുടെ 90 ശതമാനം വിപണിയും അമേരിക്കക്ക് പുറത്താണ്.
കഴിഞ്ഞ ഏതാനും വർഷത്തിനിടെ സൗദി പ്രതിരോധ മന്ത്രാലയവുമായുള്ള മൂന്നാമത്തെ കരാറാണിത്. ലോകമെമ്പാടുമുള്ള ഇത്തരത്തിലുള്ള വിമാനങ്ങളുടെ ഏറ്റവും വലിയ ഓപറേറ്റർമാരിൽ ഒന്നായി റോയൽ സൗദി എയർഫോഴ്സ് മാറിയെന്നും എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.