സൗദി മന്ത്രിസഭായോഗം; സിറിയക്ക് പരമാവധി മാനുഷിക സഹായം നൽകും
text_fieldsറിയാദ്: സിറിയയുടെ സുസ്ഥിരതക്കും ജനങ്ങളുടെ ദുരിതമകറ്റാനും പരമാവധി മാനുഷിക സഹായം തുടർച്ചയായി നൽകാൻ ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം തീരുമാനിച്ചു.
ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, പാർപ്പിട സാമഗ്രികൾ തുടങ്ങിയ ദുരിതാശ്വാസ വസ്തുക്കൾ തുടർച്ചയായി എത്തിക്കും. സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥരും സിറിയയിലെ പുതിയ ഭരണകൂടത്തിലെ ഉന്നതതല പ്രതിനിധികളും തമ്മിൽ റിയാദിൽ നടന്ന ചർച്ചകളുടെ ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. സിറിയയുടെ സുരക്ഷക്കും സുസ്ഥിരതക്കും പിന്തുണ നൽകുമെന്ന് യോഗം ആവർത്തിച്ച് വ്യക്തമാക്കി.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ സാഹചര്യങ്ങളും സംഭവവികാസങ്ങളും ഗസ്സയിൽ വെടിനിർത്തൽ കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. ഇസ്രായേൽ സേന ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങളെയും സൗദി നിരസിക്കുന്നതായും ശക്തമായി അപലപിക്കുന്നതായും യോഗം ഊന്നിപ്പറഞ്ഞു.
സൗദിയിലെ പൗരന്മാർക്കും വിദേശ താമസക്കാർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാമ്പത്തിക അടിത്തറയും വരുമാന സ്രോതസ്സുകളും വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടുള്ള വികസന പരിപാടികളും സംരംഭങ്ങളും പദ്ധതികളും നടപ്പാക്കുന്നതിലെ പുരോഗതിയും മന്ത്രിസഭയോഗം അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.