സൗദി മന്ത്രിസഭ പ്രതിവാര യോഗം; സുഡാൻ പ്രതിസന്ധിക്ക് പോംവഴി രാഷ്ട്രീയ പരിഹാരം മാത്രം
text_fieldsറിയാദ്: സുഡാനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഏക പോംവഴി രാഷ്ട്രീയ പരിഹാരമാണെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
2023 മെയ് 11ന് ഒപ്പുവച്ച ‘ജിദ്ദ പ്രഖ്യാപനം’ അനുസരിക്കാനും അതിനോട് പ്രതിബദ്ധത പുലർത്താനും സുഡാനിലെ എല്ലാ കക്ഷികളോടും മന്ത്രിസഭ ആഹ്വാനം ആവർത്തിച്ചു. യുദ്ധം ചെയ്യുന്ന കക്ഷികളോട് വെടിവെപ്പും സംഘർഷവും അവസാനിപ്പിക്കാനും ദുരിതബാധിതർക്ക് മാനുഷിക സഹായം ലഭ്യമാക്കാനും യോഗം ആവശ്യപ്പെട്ടു.
സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തയാറാക്കിയ ദേശീയ പൊതുചട്ടക്കൂടിനും മാർഗനിർദേശങ്ങൾക്കും മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. 2019നെ അപേക്ഷിച്ച് 2023ൽ രാജ്യാന്തര ടൂറിസ്റ്റ് വരുമാനത്തിനുള്ള ലക്ഷ്യസ്ഥാനങ്ങളുടെ തരംതിരിക്കലിൽ സൗദി അറേബ്യ 15ാം സ്ഥാനത്തെത്തിയതും മികച്ച 50 രാജ്യങ്ങളിൽ ഒന്നാമതെത്തിയതും വലിയ നേട്ടങ്ങളാണെന്ന് മന്ത്രിസഭ വിലയിരുത്തി.
ലോകരാജ്യങ്ങളുമായുള്ള സൗദി സഹകരണത്തിന്റെയും സംയുക്ത പ്രവർത്തനത്തിന്റെയും വഴികൾ അവലോകനം ചെയ്തു. സൗദി-ബഹ്റൈൻ കോഓഡിനേഷൻ കൗൺസിലിന് കീഴിലെ സുരക്ഷാ ഏകോപന സമിതിയുടെ മൂന്നാമത് യോഗത്തിന്റെ ഫലങ്ങളെയും നേട്ടങ്ങളെയും പ്രശംസിച്ചു.
സാഹോദര്യ ബന്ധങ്ങളെ പുതിയ ചക്രവാളങ്ങളിലേക്ക് നയിക്കാൻ ഇതെല്ലാം സഹായിക്കുമെന്ന് വിലയിരുത്തി. സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ സാമ്പത്തിക, നിക്ഷേപ സമിതിയുടെ രണ്ടാം മന്ത്രിതല യോഗത്തിന്റെ ഫലങ്ങളെയും മന്ത്രിസഭ പരാമർശിച്ചു.
പ്രാദേശിക രംഗത്തെ നിലവിലെ സാഹചര്യങ്ങളും സംഭവവികാസങ്ങളും മേഖലയിൽ സമാധാനവും സുരക്ഷയും കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിലെ അംഗങ്ങളുമായി നടത്തിയ പരിശ്രമങ്ങളും ആശയവിനിമയവും മന്ത്രിസഭ ചർച്ച ചെയ്തു.
90 രാജ്യങ്ങളുടെയും പ്രാദേശിക, അന്തർദേശീയ സംഘടനകളുടെയും പങ്കാളിത്തത്തോടെ ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള ആഗോള സഖ്യത്തിന്റെ ആദ്യ യോഗത്തിന് സൗദി ആതിഥേയത്വം വഹിച്ചതും തുടർ ഉച്ചകോടി നടത്താനുള്ള ആഹ്വാനവും സമാധാനം കൈവരിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ സ്ഥിരീകരണമായി മന്ത്രിസഭ സൂചിപ്പിച്ചു. ഫലസ്തീൻ പ്രദേശങ്ങൾക്കും ലബനാനും എതിരായി ഇസ്രായേൽ തുടരുന്ന ആക്രമണവും മന്ത്രിസഭ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.