അറേബ്യൻ ആതിഥേയത്വത്തിന്റെ ഊഷ്മളതയുമായി ദാവോസ് തെരുവിൽ സൗദി കഫേകൾ
text_fieldsറിയാദ്: വേൾഡ് ഇക്കണോമിക് ഫോറം നടക്കുന്ന സ്വിറ്റ്സർലൻഡിലെ ദാവോസ് നഗരത്തിൽ സൗദി കഫേകൾ ആരംഭിച്ചു. രാജ്യത്തിന്റെ ഭക്ഷണ സംസ്കാരവും ആതിഥേയത്വവും പരിചയപ്പെടുത്തുകയാണ് കഫേകൾ ലക്ഷ്യംവെക്കുന്നത്. സൗദി ഭക്ഷണരീതികൾ, മധുരപലഹാരങ്ങൾ, ഗഹ്‌വയും മറ്റു ഭക്ഷണങ്ങളും വിളമ്പുന്ന സൗദി രീതി എല്ലാം പരിചയപ്പെടുത്തുന്നതാണ് കഫേകൾ. ലോക നേതാക്കളും വൻകിട വ്യവസായികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയിൽ സൗദി അറേബ്യയെക്കുറിച്ചുള്ള കൃത്യമായ അവബോധം നൽകാനും കഫേകൾക്ക് ആവുന്നുണ്ട്.
സൗദി അവിശ്വസനീയമായ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്, ടൂറിസം ഇതിൽ മുൻപന്തിയിലാണ്. കോവിഡിനുശേഷം ഇപ്പോൾ അതിർത്തികൾ തുറന്നിരിക്കുന്നു. രാജ്യത്തിന്റെ വൈവിധ്യവും സൗന്ദര്യവും അറിയാനും കണ്ടെത്താനുമുള്ള ലോകത്തിന്റെ ആഗ്രഹത്തെ പ്രേരിപ്പിക്കുന്നതിനാണ് കഫേകൾ മുൻഗണന നൽകുന്നത് -സൗദി ടൂറിസം വക്താവ് അബ്ദുല്ല അൽ ദഖീൽ പറഞ്ഞു. നേതാക്കൾ കണ്ടുമുട്ടുകയും ബന്ധപ്പെടുകയും ചെയ്യുന്ന ഡബ്ല്യു.ഇ.എഫ് പുരോഗമിക്കുന്ന ദാവോസിലെ തങ്ങളുടെ സാന്നിധ്യം, രാജ്യത്തെ പരിചയപ്പെടുത്താനുള്ള പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയുടെ തനത് ആതിഥേയത്വ ശൈലിയിലാണ് കഫേകളിൽ അതിഥികളെ സ്വീകരിക്കുന്നത്. ജീസാനിൽ നിന്നുള്ള മാമ്പഴം, ഹെയിലിലെ മുളക്, റിയാദിൽനിന്നുള്ള മസാലക്കൂട്ടുകൾ തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ രുചികൾ അറിയാൻ സന്ദർശകർക്ക് അവസരമൊരുക്കിയിട്ടുണ്ട്.
തുറന്ന മനസ്സോടെയും ഹൃദയത്തോടെയും ലോകത്തെ സൗദിയിലേക്ക് സ്വാഗതംചെയ്യാനുള്ള ക്ഷണംകൂടിയാണ് ദാവോസിലെ സൗദി കഫേകൾ. സൗദി സംസ്കാരം പ്രദർശിപ്പിക്കുന്നതിനു പുറമേ, വിഷൻ 2030 പദ്ധതി പ്രകാരം രാജ്യം എങ്ങനെ പരിവർത്തനപ്പെടും എന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള അവസരംകൂടിയാണ് കഫേകൾ. സൗദിയിൽനിന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത സംഘം തന്നെ ഡബ്ല്യു.ഇ.എഫിൽ പങ്കെടുക്കാൻ ദാവോസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.