സൗദി: ഇൻഷുറൻസില്ലാത്ത വാഹനങ്ങളെ കാമറ പിടികൂടും; നിരീക്ഷണം ഇന്നുമുതൽ
text_fieldsറിയാദ്: വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ ട്രാഫിക് കാമറ പിടികൂടും, വൻതുക പിഴയും കിട്ടും. മറ്റ് ട്രാഫിക് ലംഘനങ്ങൾ പോലെ കാമറയിലൂടെ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനമാണ് ആരംഭിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇൻഷുറൻസ് എടുക്കാത്തതോ ഉള്ളതിന്റെ കാലാവധി കഴിഞ്ഞതോ ആയ വാഹനങ്ങൾ കാമറ സ്വമേധയാ കണ്ടെത്തുന്നതാണ് സംവിധാനം. ഇൻഷുറൻസില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ സ്വദേശികളും വിദേശികളുമായ ഡ്രൈവർമാർ ശിക്ഷാപരിധിയിൽ പെടുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, അമിത വേഗം, ട്രാഫിക് സിഗ്നൽ ലംഘനം, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കൽ, നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യൽ, വെയ്ബ്രിഡ്ജുകൾ മറികടക്കൽ, വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകൾ, റോഡ് ഗതാഗത നിയന്ത്രണങ്ങളുടെ ലംഘനം, ട്രക്കുകളും ഹെവി എക്യുപ്മെൻറ് വാഹനങ്ങളും അവക്ക് നിശ്ചയിച്ച വലത്തേയറ്റത്തെ ട്രാക്കിലൂടെ അല്ലാതെ ഓടിക്കൽ, രാത്രിയിലും കാഴ്ചവ്യക്തത കുറഞ്ഞ കാലാവസ്ഥയിലും ആവശ്യമായ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കൽ, നടപ്പാതയിലൂടെയും വിലക്കുള്ള ട്രാക്കുകളിലൂടെയും വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് നിലവിൽ കാമറ വഴി ഓട്ടോമാറ്റിക്കായി നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്നത്. ആ ലിസ്റ്റിലേക്കാണ് ഇപ്പോൾ ഇൻഷുറൻസ് ലംഘനവും വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.