സൗദി-കനേഡിയൻ വിദ്യാഭ്യാസ ഫോറം തുടങ്ങി; ആഗോളതലത്തിൽ മത്സരിക്കാൻ പൗരന്മാരെ യോഗ്യരാക്കും -സൗദി വിദ്യാഭ്യാസ മന്ത്രി
text_fieldsറിയാദ്: വിദ്യാഭ്യാസത്തിലൂടെ രാജ്യത്തെ വിദ്യാർഥികളെ ആഗോളതലത്തിൽ മത്സരിക്കാൻ യോഗ്യരാക്കുകയാണെന്നും വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യവും പ്രധാന പങ്കുമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാൻ പറഞ്ഞു. റിയാദിൽ സൗദി-കനേഡിയൻ വിദ്യാഭ്യാസ പങ്കാളിത്ത ഫോറത്തിന്റെ ഉദ്ഘാടന വേളയിൽ സൗദിയിലെ കാനഡ അംബാസഡർ ജീൻ ഫിലിപ്പ് ലിൻറോക്സിന്റെ സാന്നിധ്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം പറഞ്ഞത്. സൗദിക്കും കാനഡക്കുമിടയിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിൽ സൗദിയുടെയും കനേഡിയൻ പക്ഷത്തിന്റെ പ്രതിബദ്ധതയും ഗൗരവവും ഫോറം കാണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പൊതു ഉന്നത വിദ്യാഭ്യാസം, അധ്യാപക പരിശീലനവും വികസനവും, മെഡിക്കൽ പരിശീലന പരിപാടികൾ, സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ പരിശീലനം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ നിലവിൽ നിരവധി അവസരങ്ങളുണ്ട്. വിഷൻ 2030 പ്രകാരം മുൻഗണനാ മേഖലകളിൽ ഗവേഷണ വികസന മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ശ്രദ്ധിക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സൗദിയുമായി വിദ്യാഭ്യാസ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ തന്റെ രാജ്യം പ്രവർത്തിക്കുന്നുവെന്ന് സൗദിയിലെ കനേഡിയൻ അംബാസഡർ പറഞ്ഞു. മനുഷ്യ മൂലധനം വികസിപ്പിക്കുന്നതിലും ഇരു രാജ്യങ്ങൾക്കും സമൃദ്ധമായ ഭാവി കൈവരിക്കുന്നതിന് നവീകരണത്തെ പിന്തുണക്കുന്നതിലും വിദ്യാഭ്യാസത്തിന് പ്രാധാന്യമുണ്ട്.
ഇൻഫർമേഷൻ ടെക്നോളജി, ടൂറിസം, ഹെൽത്ത് കെയർ, ക്ലീൻ എനർജി, ഖനനം, കൃഷി തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലകൾ പര്യവേക്ഷണം ചെയ്യാനാണ് ഫോറം ലക്ഷ്യമിടുന്നതെന്ന് അംബാസഡർ പറഞ്ഞു. സൗദിയിലെയും കാനഡയിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, രണ്ട് രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ അഭിലാഷങ്ങൾ കൈവരിക്കുന്നതിനുമാണ് ഫോറം ലക്ഷ്യമിടുന്നതെന്നും കാനേഡിയൻ അംബാസഡർ പറഞ്ഞു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും 70ലധികം സൗദി, 40 കനേഡിയൻ സ്ഥാപനങ്ങളുടെയും മേധാവികളുടെയും നിരവധി മന്ത്രാലയങ്ങൾ, ഏജൻസികൾ, സർവകലാശാലകൾ, കമ്പനികൾ എന്നിവയുടെയും പങ്കാളിത്തത്തിലാണ് സൗദി-കനേഡിയൻ വിദ്യാഭ്യാസ ഫോറം ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.