സൗദി-കാരികോം ഉച്ചകോടി സമാപിച്ചു: സൗദിക്കും കരീബിയൻ രാജ്യങ്ങൾക്കുമിടയിൽ സഹകരണം ശക്തമാക്കും
text_fieldsജിദ്ദ: സൗദി അറേബ്യയും കരീബിയൻ രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള ആഹ്വാനവുമായി സൗദി-കാരികോം ഉച്ചകോടി സമാപിച്ചു.
വ്യാഴാഴ്ച റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി കരീബിയൻ ഗ്രൂപ് (കാരികോം) ഉച്ചകോടിയിലാണ് ബഹുമുഖ, ഉഭയകക്ഷി തലങ്ങളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കാനും സൗദിയും കരീബിയൻ രാജ്യങ്ങളുമായുള്ള സഹകരണവും കൂടുതൽ സുദൃഢമാക്കാനുമുള്ള തീരുമാനങ്ങളുണ്ടായത്. ആദ്യമായാണ് ഇങ്ങനെയൊരു ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിയിൽ പങ്കിട്ട കാഴ്ചപ്പാടിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ അടങ്ങിയിരിക്കുന്ന മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇരുപക്ഷവും തമ്മിലുള്ള പരസ്പര താൽപര്യങ്ങളും സൗഹൃദ ബന്ധങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളിലെ വീക്ഷണങ്ങളുടെ കൈമാറ്റം, വളർച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പങ്കാളിത്തം എന്നിവ വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്തായി സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സുസ്ഥിര കാർഷിക വികസനം, ഭക്ഷ്യ ഉൽപാദനം എന്നിവ പ്രോത്സാഹിപ്പിക്കുക, ജലസ്രോതസ്സുകൾ ഉപയോഗിക്കുക, ഭക്ഷ്യ-കാർഷിക വ്യവസായങ്ങളിലെ വ്യാപാര, നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുക, വിവര കൈമാറ്റം പ്രോത്സാഹിപ്പിക്കുക, അനുഭവങ്ങൾ കൈമാറുക, ഗവേഷണം, ആധുനിക സാങ്കേതിക വിദ്യകൾ, മികച്ച രീതികൾ, ശേഷി വർധിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തൽ, സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങൾ എന്നിവയിൽ സഹകരണത്തിന്റെ പ്രധാന്യം ഉച്ചകോടിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഇരുപക്ഷവും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് പൊതുവായ താൽപര്യമുള്ള പ്രത്യേക മേഖലകളിൽ കൂടിയാലോചനകൾ നടത്തുക, സഹകരണത്തിന്റെ വഴികൾ ചർച്ച ചെയ്യുക, സൗദി അറേബ്യയും കരീബിയൻ കമ്യൂണിറ്റിയും (കാരികോം) തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ‘റിയാദ് എക്സ്പോ 2030’ന്റെ ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തെ പിന്തുണക്കുക, ഇരുവിഭാഗങ്ങളിലെയും ജനങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുക, സാംസ്കാരിക വൈവിധ്യം, സമ്പന്നമായ ചരിത്രം എന്നിവയിൽനിന്ന് പ്രയോജനം നേടുക എന്നതിന്റെ പ്രാധാന്യവും അന്തിമ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
സാംസ്കാരിക ഉത്സവങ്ങൾ, കലാപ്രദർശനങ്ങൾ, ചലച്ചിത്ര മേളകൾ, ശിൽപശാലകൾ, പുസ്തകമേളകൾ, മറ്റ് പരിപാടികൾ എന്നിവയിലൂടെ സൗദി അറേബ്യയിലെയും കരീബിയൻ കമ്യൂണിറ്റിയിലെയും (കാരികോം) സാംസ്കാരികവും സർഗാത്മകവുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ടൂറിസം മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുക, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് സംയുക്ത പ്രവർത്തനം വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഉച്ചകോടിയിൽ ഉയർന്നു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ നിലപാടുകൾ ഏകീകരിക്കാനും എക്സ്പോ ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ സ്ഥാനാർഥിത്വം പോലുള്ളവക്കുള്ള പിന്തുണയെ ഏകോപിപ്പിക്കാനും സൗദി-കാരികോം ഉച്ചകോടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.