സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം; ആദ്യഘട്ട ഒരുക്കവും വികസന പദ്ധതികളും ചർച്ച ചെയ്തു
text_fieldsസൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി മക്കയിൽ ചേർന്ന യോഗത്തിൽ ചെയർമാനും മക്ക ഡെപ്യൂട്ടി ഗവർണറുമായ അമീർ സഊദ് ബിൻ മിഷാൽ അധ്യക്ഷത വഹിക്കുന്നു
മക്ക: ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച ആദ്യഘട്ട ഒരുക്കം ചർച്ച ചെയ്യാനും തീർഥാടനവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളിൽ നടക്കുന്ന വികസനപദ്ധതികൾ വിലയിരുത്താനും സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി മക്കയിൽ യോഗം ചേർന്നു. മക്ക ഡെപ്യൂട്ടി ഗവർണറും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ സഊദ് ബിൻ മിഷാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
കഴിഞ്ഞ ഹജ്ജ് വേളയിൽ കൈവരിച്ച മികച്ച നേട്ടങ്ങൾ ഈ വർഷവും പ്രയോജനപ്പെടുത്തുന്നതിനും ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട വികസനവും തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
2025ലെ ഹജ്ജിനായി ഇതുവരെ നടത്തിയ ഒരുക്കവും നിർമാണം പുരോഗമിക്കുന്ന വികസനപദ്ധതികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി അവലോകനം ചെയ്തു. മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിന്റെ നിർദേശപ്രകരമായിരുന്നു വിവിധ ഉന്നത ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത പ്രത്യേക യോഗം സംഘടിപ്പിച്ചത്.
റമദാൻ മാസത്തിൽ ഹറമിലെത്തുന്ന ദൈവത്തിന്റെ അതിഥികൾക്ക് സേവനങ്ങൾ നൽകുന്ന വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘങ്ങളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.
2025ലെ ഹജ്ജ് പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും 43 ഏജൻസികളുടെ പങ്കാളിത്തമുള്ള ഹജ്ജ് സേവനത്തിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ അടിയന്തര പദ്ധതിയും കമ്മിറ്റി ചർച്ച ചെയ്തു.
മിനയിലെയും അറഫയിലെയും പുണ്യസ്ഥലങ്ങളിലെ പാതകളിൽ തണലും തണുപ്പും ഒരുക്കൽ, നമിറ പള്ളിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ചൂടിന്റെ ആഘാതം ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി, രണ്ട് നിലകളിലൊരുക്കുന്ന ടോയ്ലറ്റ് സമുച്ചയങ്ങൾ, ഉയർന്ന പ്രദേശങ്ങളിലെ കോൺക്രീറ്റ് പടികൾക്ക് പകരം ഇലക്ട്രിക് എസ്കലേറ്ററുകൾ മാറ്റിസ്ഥാപിക്കൽ, മിനയിലെ പുണ്യസ്ഥലത്ത് അധിക പ്രഷർ ബോക്സുകൾ തയാറാക്കൽ, ജബൽ അൽ റഹ്മ പ്രദേശത്തെ ചൂടിന്റെ ആഘാതം ലഘൂകരിക്കൽ, മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും സസ്യജാലങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ബഹുമുഖ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള വികസനപദ്ധതികളുടെ നിർമാണപുരോഗതി സംബന്ധിച്ച വിശദവിവരങ്ങൾ കിദാന കമ്പനി പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു.
ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കൂടുതൽ മികച്ച സേവനം ഉറപ്പുവരുത്താൻ ആവശ്യമായ മുന്നൊരുക്കമാണ് ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പുരോഗമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.