ഫലസ്തീനികൾക്ക് സഹായം തുടർന്ന് സൗദി; 48-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി
text_fieldsയാംബു: ഇസ്രായേൽ ആക്രമണങ്ങളിൽ ജീവിതം ദുസ്സഹമായ ഗസ്സയിലെ ഫലസ്തീനികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാൻ സൗദിയുടെ സഹായം തുടരുന്നു. സൗദിയുടെ 48ാമത് ദുരിതാശ്വാസ വിമാനം വെള്ളിയാഴ്ച ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. സൗദി പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സൗദിയുടെ സഹായ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് (കെ.എസ്.റിലീഫ്) ദുരിതാശ്വാസ വിമാനമയച്ചത്.
താൽക്കാലിക പാർപ്പിട നിർമാണ സാമഗ്രികൾ, താൽകാലിക ടെന്റുകൾക്ക് സാമഗ്രികൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സാധനങ്ങളാണ്അയച്ചതെന്ന് അധികൃതർ പറഞ്ഞു. സൗദിയിൽനിന്ന് ഈജിപ്തിലെത്തുന്ന സഹായവസ്തുക്കൾ സൗദി സഹായ ഏജൻസിയായ കെ.എസ്. റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഗസ്സയിലേക്കെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റഫ വഴി റോഡുമാർഗം സഹായ വസ്തുക്കൾ എത്തിക്കുന്ന പദ്ധതികൾക്ക് ഇപ്പോൾ കൂടുതൽ ആക്കം കൂട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങൾ കൂടുതലെത്തിക്കാനും സൗദിയുടെ നേതൃത്വത്തിൽ തീവ്രശ്രമം തുടരുന്നതിനിടെയാണ് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നത്. ഫലസ്തീനികളെ എന്നും സഹായിക്കുക എന്ന രാജ്യത്തിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗദി കൂടുതൽ സഹായങ്ങൾ നൽകിവരുന്നതെന്ന് സെന്റർ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കുമിടയിൽ ഫലസ്തീനികൾക്കൊപ്പം ഉറച്ചുനിന്ന സൗദിയുടെ നിരവധി സാമ്പത്തിക , ജീവകാരുണ്യ സഹായങ്ങൾ ആഗോള തലത്തിൽ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.