കുറ്റം ചെയ്ത് 40 ദിവസത്തിനകം ശിക്ഷ; മലയാളിയെ വെടിവെച്ച സൗദി പൗരന് തടവും പിഴയും
text_fieldsറിയാദ്: സൗദിയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ മലയാളി യുവാവിനെ വെടിവെച്ച കേസിൽ പ്രതിക്ക് സൗദി കോടതി ഏഴു വർഷം തടവും പിഴയും ശിക്ഷിച്ചു. കൊല്ലം കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദ്ദീെൻറയും പരേതയായ ലൈലാബീവിയുടെയും മകൻ മുഹമ്മദിനെ (27) വെടിവെച്ച സൗദി പൗരനാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
ആഗസ്റ്റ് 12ന് പുലർച്ചെ ആറോടെ റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിലെ ഒരു പെട്രോൾ പമ്പിലായിരുന്നു സംഭവം. 30 വയസ് പ്രായമുള്ളയാളാണ് പ്രതി. ഈ മസം എട്ടിന് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. വളരെ വേഗം വിചാരണ പൂർത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച പ്രതി പണം നൽകാതെ പോകാനൊരുങ്ങിയ മുഹമ്മദ് അത് ചോദ്യം ചെയ്തു. പണം ആവശ്യപ്പെട്ട് അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. കാർ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് കാൽ മണിക്കൂറിലധികം അവിടെ കിടന്ന മുഹമ്മദിനെ കുളപ്പാടം സ്വദേശിയായ സിറാജുദീൻ സഖാഫിയും മറ്റ് മലയാളികളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ആവശ്യമായതിനാൽ അവിടെയുള്ള പട്ടാള ക്യാമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പമ്പിനടുത്തുള്ള ലോഡ്ജിലെ ജീവനക്കാരനായ മുഹമ്മദ് പമ്പിൽ താൽക്കാലിക ജോലിക്കായി കയറിയതായിരുന്നു.
മാതാവ് മരിച്ചതിനെ തുടർന്ന് കുട്ടിക്കാലം മുതൽ മാതൃസഹോദരൻ നിസാമുദ്ദീെൻറ സംരക്ഷണയിലാണ് കഴിഞ്ഞു വന്നത്. അഞ്ചു വർഷമായി സൗദിയിലുള്ള മുഹമ്മദ് ഒരു തവണ നാട്ടിൽ പോയിരുന്നു.
സംഭവത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും ഐ.എൻ.ടി.യു.സി കൊല്ലം ജില്ല സെക്രട്ടറിയുമായ അയത്തിൽ നിസാമിെൻറ സഹായത്തോടെ ബന്ധുക്കൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്ക് കഴിഞ്ഞ മാസം 18 ന് നിവേദനം നൽകിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മുഹമ്മദ് സിറാജുദ്ദീൻ സഖാഫിയൊടൊപ്പമാണ് വാദി ദവാസിറിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.