വിദേശികളെ സൗദി പൗരന്മാർക്ക് ഉംറക്ക് കൊണ്ടുവരാം
text_fieldsജിദ്ദ: സൗദി പൗരന്മാർക്ക് 'വ്യക്തിഗത വിസ'യിലൂടെ തങ്ങളുടെ സുഹൃത്തുക്കളെ ഉംറ നിർവഹിക്കാൻ ക്ഷണിക്കാനാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ അനുവദിച്ച 'വ്യക്തിഗത വിസ'യിലൂടെയാണ് ഇത് സാധിക്കുക. ലോകത്തെ നാനാഭാഗങ്ങളിലുമുള്ള ആളുകൾക്ക് മക്കയും മദീനയും സന്ദർശിക്കാനും തീർഥാടന സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയുമാണിത്.
ഒരേ സമയം നിരവധി ആളുകളെ കൊണ്ടുവരാൻ ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ കഴിയുമെന്നതും ഈ വിസയുടെ പ്രത്യേകതയാണ്. ഒരു തവണയോ പല തവണയായിട്ടോ രാജ്യത്തേക്കു പ്രവേശിക്കാം.
വിനോദസഞ്ചാരയാത്രകൾ നടത്താം
ഉംറ കർമങ്ങൾ നിർവഹിക്കാനും മസ്ജിദുന്നബവി സന്ദർശിക്കാനും മതപരമായ സ്ഥലങ്ങൾ, ചരിത്ര സ്മാരകങ്ങൾ, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വിനോദസഞ്ചാരയാത്രകൾ നടത്താനും സാധിക്കും. യാത്രക്കുള്ള 'വ്യക്തിഗത വിസ'യുടെ സാധുത 90 ദിവസം വരെയാണ്. അത്രയും ദിവസം രാജ്യത്ത് കഴിയാം. മൾട്ടി എൻട്രി വിസയുടെ സാധുത 365 ദിവസമാണ്. ഒരു സമയം 90 ദിവസമാണ് രാജ്യത്ത് താമസിക്കാൻ അനുവദിക്കുന്ന കാലയളവ്.
അടുത്തിടെയാണ് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തിഗത സന്ദർശന വിസ നേടുന്നതിനുള്ള സംവിധാനം പ്രഖ്യാപിച്ചത്. വ്യക്തിഗത വിസയിലൂടെ സൗദി പൗരന്മാർക്ക് അവരുടെ സുഹൃത്തുക്കളെയോ പരിചയക്കാരെയോ രാജ്യം സന്ദർശിക്കാൻ കൊണ്ടുവരാൻ കഴിയുമെന്നും രാജ്യത്ത് എല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാനും മക്കയും മദീനയും മതപരവും ചരിത്രപരവുമായ മറ്റു സ്ഥലങ്ങളും സന്ദർശിക്കാനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും കഴിയുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. 'വിസ' പ്ലാറ്റ്ഫോമിന്റെ വെബ്സൈറ്റിലാണ് അപേക്ഷ നൽകേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.