വിവിധ മേഖലകളിൽ വിദഗ്ധരായ വിദേശികൾക്ക് സൗദി പൗരത്വം
text_fieldsറിയാദ്: സൗദി അറേബ്യയിൽ വിവിധ മേഖലകളിൽ വിദഗ്ധരായ വ്യക്തികൾക്ക് പൗരത്വം നൽകുന്നു. ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ, കണ്ടുപിടിത്തക്കാർ, സംരംഭകർ, അപൂർവ പ്രതിഭകൾ തുടങ്ങിയ വിശിഷ്ട വ്യക്തികൾക്കാണ് പൗരത്വം അനുവദിക്കാൻ ഗവൺമെൻറ് നടപടി തുടങ്ങിയത്. വിവിധ മേഖലകളിൽ രാജ്യത്തിന് പ്രയോജനപ്പെടുംവിധം നിയമം, മെഡിക്കൽ, ശാസ്ത്രം, സാംസ്കാരികം, കായികം, സാങ്കേതികം തുടങ്ങിയ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് പൗരത്വം നൽകണമെന്ന സൽമാൻ രാജാവിന്റെ ഉത്തരവിന്റെ വെളിച്ചത്തിലാണ് സർക്കാർ നടപടി.
‘വിഷൻ 2030’ ലക്ഷ്യത്തിന് അനുസൃതമായി രാജ്യത്തിന്റെ സമഗ്രവികസനത്തിന് മാനവ വിഭവശേഷിയെ ഉപയോഗപ്പെടുത്താനും വിശിഷ്ടരും സർഗാത്മകരുമായ ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുന്ന അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക, ആരോഗ്യ, സാംസ്കാരിക, കായിക, നൂതന വികസനത്തിന്റെ പ്രയത്നങ്ങൾക്ക് ഗുണപരമായ ഒരു കൂട്ടിച്ചേർക്കലായി മാറുന്ന ഏറ്റവും പ്രമുഖരായ പ്രതിഭകളെയും അപൂർവ പ്രതിഭയുള്ളവരെയും ആകർഷിക്കുന്നതിനുള്ള രാജ്യ താൽപര്യത്തിന്റെ ഭാഗവുമാണിത്.
2021ലാണ് വിവിധ മേഖലകളിലെ നിരവധി വിശിഷ്ട വ്യക്തികൾക്ക് സൗദി പൗരത്വം നൽകുന്നതിന് ഗവൺമെൻറ് അംഗീകാരം നൽകിയത്. യോഗ്യരായ വ്യക്തികൾക്കും അപൂർവ പ്രതിഭകൾക്കും നിശ്ചിത നിബന്ധനകൾ പൂർത്തിയാക്കിയ ശേഷമാണ് സൗദി പൗരത്വം അനുവദിക്കുന്നത്. കഴിവിന്റെയും പ്രഫഷനലിസത്തിന്റെയും ഉയർന്ന നിലവാരം കണക്കിലെടുത്താണ് പൗരത്വം നൽകിയിരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ സൗദി പൗരത്വം നൽകുന്നതിനായി പ്രഖ്യാപിച്ച എണ്ണം വളരെ കുറവായിരുന്നു.
നിലവിൽ പൗരത്വം നൽകാൻ തീരുമാനിച്ചത് പൗരത്വത്തിന് ഏറ്റവും യോഗ്യരായവരെ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഔദ്യോഗികമായി ഇവരുടെ പേരുകൾ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിൽ ചില മാധ്യമങ്ങളിൽ ചില പ്രമുഖരും പല മേഖലകളിലും കഴിവു തെളിയിച്ചവരുമായ ചിലയാളുകളുടെ പേരുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. അവരിൽ വലിയൊരു വിഭാഗം വർഷങ്ങളായി രാജ്യത്ത് താമസിക്കുന്നവരാണ്. ഇത് അവരെ സമൂഹവുമായി കൂടുതൽ ഇണങ്ങുന്നവരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.