മേയിൽ 1,318 വിമാന യാത്രക്കാർ പരാതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ
text_fieldsഅൽഖോബാർ: ഇക്കഴിഞ്ഞ മേയ് മാസത്തിൽ രാജ്യത്തെ വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കുമെതിരെ യാത്രക്കാരിൽനിന്ന് 1,318 പരാതികൾ ലഭിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) വെളിപ്പെടുത്തി. പരാതികളിൽ വിമാനങ്ങൾക്കും ടിക്കറ്റുകൾക്കുമുള്ള യാത്രാസേവന ചട്ടക്കൂടും ഉൾപ്പെടുന്നു.
റിപ്പോർട്ട് അനുസരിച്ച് സൗദി എയർലൈൻസിനെതിരെയാണ് ഏറ്റവും കുറവ് പരാതികളുള്ളത്. ഒരു ലക്ഷം യാത്രക്കാർക്ക് 10 പരാതികളെന്ന നിലയിലാണ് ലഭിച്ചത്. ഫ്ലൈഅദീൽ കമ്പനിക്കെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 11 എന്ന അനുപാതത്തിൽ പരാതികൾ ലഭിച്ചു. 99 ശതമാനം പരാതികളിലും പരിഹാരമുണ്ടായി. ഫ്ലൈനാസിന് ഒരു ലക്ഷം യാത്രക്കാർക്ക് 13 എന്ന അനുപാതത്തിൽ പരാതികൾ രേഖപ്പെടുത്തി. 100 ശതമാനവും പരിഹരിച്ചു. പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ഗണത്തിൽ ദമ്മാമിലെ കിങ് ഫഹദ് ഇൻറർനാഷനൽ എയർപോർട്ടാണ് പരാതികളുടെ കാര്യത്തിൽ ഏറ്റവും കുറഞ്ഞ് നിൽക്കുന്നത്. ഒരു ലക്ഷം യാത്രക്കാർക്ക് 0.3 ശതമാനം എന്ന തോതിലാണ് പരാതിയുണ്ടായത്. പ്രതിവർഷം 60 ലക്ഷത്തിൽ താഴെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ഗണത്തിൽ തബൂക്കിലെ സുൽത്താൻ ഇൻറർനാഷനൽ എയർപോർട്ടാണ് ഏറ്റവും കുറവ് പരാതികളുടെ കാര്യത്തിൽ മുന്നിൽ.
ഒരു ലക്ഷം യാത്രക്കാർക്ക് 0.4 ശതമാനം എന്ന തോതിൽ. ആഭ്യന്തര വിമാനത്താവളങ്ങളുടെ സൂചികയിൽ ഏറ്റവും കുറവ് പരാതികളുടെ കാര്യത്തിൽ മുന്നിൽ നജ്റാൻ എയർപോർട്ടാണ്. ഒരു ലക്ഷം യാത്രക്കാർക്ക് രണ്ട് ശതമാനം എന്ന തോതിൽ.പ്രതിമാസ റിപ്പോർട്ട് പുറപ്പെടുവിക്കുന്നത് വഴി ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും അതോറിറ്റിയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും കഴിയുന്നുണ്ട്. എയർ ട്രാൻസ്പോർട്ട് സേവനദാതാക്കളുടെയും വിമാനത്താവളങ്ങളുടെയും പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് നൽകാനാണ് ഇത് ലക്ഷ്യമിടുന്നതെന്ന് ഗാക വിശദീകരിച്ചു. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളും എല്ലാത്തരം അന്വേഷണങ്ങൾക്കും പാലിക്കേണ്ട സേവന നിലവാരങ്ങളും ഉൾപ്പെടുന്ന ഒരു ബുക്ക്ലെറ്റ് അതോറിറ്റി തയാറാക്കിയിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയന്ത്രണങ്ങൾ പാലിക്കാൻ ദേശീയ എയർലൈൻ ജീവനക്കാർക്കും ഗ്രൗണ്ട് സർവിസ് കമ്പനികൾക്കും പരിശീലനം നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.