രാജ്യം കൊടും ചൂടിൽ
text_fieldsജിദ്ദ: രാജ്യം കൊടും ചൂടിൽ ചുട്ടുപൊള്ളുന്നു. കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ ഇന്നലെ ചൂട് 50 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാവിഭാഗം അറിയിച്ചു. ഇത് അടുത്ത ആഴ്ചയിലും തുടരുമെന്നാണ് സൂചന. റിയാദിൽ 48 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ ചൂട്. മക്ക,മദീന,റിയാദ്,ഖസീം മേഖലകളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അതേ സമയം അസീർ, ജീസാൻ മേഖലകളിൽ ചൂട് കുറവാണ്. കഴിഞ്ഞ ദിവസങ്ങളിൽ അസീറിൽ ആലിപ്പഴവർഷവും മഴയും ലഭിച്ചു. ത്വാഇഫിലും പൊതുവെ ചൂട് കുറവാണ്. ജിദ്ദ നഗരത്തിൽ ശക്തമായ ചൂടുണ്ട്.പകൽ സമയങ്ങളിൽ പുറത്തിറങ്ങാനാവാത്ത വിധത്തിലുള്ള ചൂട് ജിദ്ദയിലുമനുഭവപ്പെടുന്നുണ്ട്. നിർജ്ജലീകരണത്തിന് സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. പകൽ സമയങ്ങളിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. സൂര്യാതപമേൽക്കാനുള്ള സാധ്യത വളരെ കുടുതലാണ്. തൊഴിലാളികളെ കൊണ്ട് ഉച്ചസമയങ്ങളിൽ പുറംജോലി ചെയ്യിക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ ചില മേഖലകളിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ വിഭാഗം കഴിഞ്ഞ ആഴ്ച പ്രവചിച്ചിരുന്നു. ഇൗയാഴ്ച മുതൽ 45^ 50 ഡിഗ്രിക്കിടയിൽ ചൂട് വർധിക്കുമെന്നായിരുന്നു അറിയിച്ചത്. വെള്ളം കൂടുതൽ കുടിക്കാനും വാഹനങ്ങൾക്കുള്ളിൽ ഗ്യാസ് അടങ്ങിയ വസ്തുക്കൾ വെക്കരുതെന്നും ഇന്ധനം ഫുൾടാങ്ക് നിറക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി ലോഡ് വർധിച്ചുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും റിയാദ് മേഖല സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ നിർദേശങ്ങൾ മുഴുവനാളുകളും പാലിക്കണമെന്ന് റിയാദ് മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു. വൈദ്യുതി ഉപകരണങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തണം. ഒരു പോയിൻറിൽ നിന്ന് കൂടുതൽ കണക്ഷനെടുക്കരുത്. ഇത് ലോഡ് കൂടാൻ കാരണമാകും.
തുടർച്ചയായി ഫാനുകളും മറ്റ് ഉപകരണങ്ങളും പ്രവർത്തിക്കുന്നത് കേബിൾ ചൂടാകാനും അഗ്നിബാധയുണ്ടാകാനും കാരണമായേക്കും. ആവശ്യമില്ലാതെ എയർകണ്ടീഷനറുകൾ പ്രവർത്തിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് വക്താവ് നിർദേശിച്ചിട്ടുണ്ട്.. ഉറങ്ങുന്നതിനു മുമ്പ് ചാർജ് ചെയ്യാനിട്ട ഉപകരണങ്ങൾ കണക്ഷനിൽ നിന്ന് വേർപ്പെടുത്തണം. വീടുകളിൽ ഫയർ എക്സിറ്റിങ്ക്യൂഷർ, അലാറം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കണം.അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കണം. യാത്ര പുറപ്പെടുന്നതിനു മുമ്പ് വാഹനങ്ങൾ പരിശോധിക്കണം. വാഹനം കൂടുതൽ ഹീറ്റാകുന്നത് തീ പിടിക്കാൻ കാരണമാകും. തീ പിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ വാഹനങ്ങളിൽ വെക്കരുത്. വീട്ടിൽ നിന്ന് പുറത്തു പോകുേമ്പാൾ പ്രത്യേകിച്ച് യാത്ര പോകുേമ്പാൾ ഗ്യാസ് സിലിണ്ടർ, ഇലക്ട്രിക്ക് ഉപകരണങ്ങൾ എന്നിവ ഒാഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.