'സൗദി കോഫി 2022' സൗദി കോഫി പ്രചാരണ വാർഷികാഘോഷത്തിന് ലുലുവിൽ തുടക്കം
text_fieldsറിയാദ്: സൗദി സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് ലുലു ഹൈപർ മാർക്കറ്റ് 'സൗദി കോഫി (ഖഹ്വ) 2022' വാർഷികാഘോഷത്തിന് തുടക്കംകുറിച്ചു. രാജ്യത്ത് വിളയുന്ന കാപ്പിക്കുരുവിന്റെ പാചകപരവും സാംസ്കാരികവുമായ പ്രാധാന്യത്തിലേക്കും സൗദിയുടെ ആതിഥ്യമര്യാദയുടെ അടയാളമെന്ന നിലയിൽ തനതായ പരമ്പരാഗതവും പ്രതീകാത്മകവുമായ പ്രാധാന്യത്തിലേക്കും ശ്രദ്ധയാകർഷിക്കുന്നതിന് വിപുലമായ പ്രമോഷൻ പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
ഖഹ്‌വ എന്ന അറബിപദത്തിൽനിന്നാണ് കോഫി എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട വിവിധ രുചികളിലുള്ള കാപ്പി സൗദിയിൽ ഉദ്പാദിപ്പിക്കുകയും സംസ്കരിച്ച് വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ട്. യാതൂഖ്, നജ്ദയ, ജബാലിയ, റെഡ് ഗോൾഡ് തുടങ്ങിയ നിരവധി ഇനങ്ങളുണ്ട്. സൗദി കോഫി മേളയുടെ ഈ വർഷം മുഴുവൻ നീളുന്ന ആഘോഷം റിയാദ് അത്യാഫ് മാളിലെ ലുലു ഹൈപർ മാർക്കറ്റിൽ സാംസ്കാരിക മന്ത്രാലയത്തിന്‍റെയും സൗദി കോഫി സംരംഭക സംഘത്തിന്‍റെയും പാചകകല കമീഷന്‍റെയും ലുലു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് ചടങ്ങിനെത്തിയവരെ വരവേറ്റു.
രാജ്യത്തുടനീളം പ്രചാരത്തിലുള്ള 'അറബിക് കോഫി' എന്ന പേര് 'സൗദി കോഫി' എന്നാക്കി മാറ്റാനുള്ള സൗദി അധികൃതരുടെ നീക്കത്തിനൊപ്പം കൈകോർത്ത് ലുലു ഇത്തരമൊരു മേളയിലൂടെ കാപ്പിയുടെ സൗദി പൈതൃകം അടിവരയിട്ടുറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു. തദ്ദേശീയ പൈതൃക പെരുമയുള്ള 'സൗദി ഖവ്‌ലാനി' കാപ്പിയിലാണ് പ്രത്യേകമായും മേള ശ്രദ്ധയൂന്നുന്നത്. ജീസാനിലെ പച്ചപ്പുനിറഞ്ഞ താഴ്‌വരകളിൽ പരമ്പരാഗതമായി കൃഷി ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്തുവരുന്ന 'ഖവ്‌ലാനി' ഖവ്‌ലാൻ എന്ന ദേശത്തെ പുരാതന ഗോത്രങ്ങൾ തലമുറകളായി കൈമാറിവരുന്ന ഒരു നാടൻ കാപ്പിക്കുരുവാണ്.
ഏതാണ്ട് 300 വർഷത്തിലേറെ പാരമ്പര്യമുള്ള ഖവ്‌ലാനി ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാപ്പിക്കുരുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന ജീസാൻ പ്രദേശത്തിന്‍റെ പച്ച സ്വർണം എന്നാണ് ഈ കാപ്പിക്കുരു വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ കാപ്പി ഉൽപാദകരായി നിലകൊള്ളുന്ന സൗദി അറേബ്യ കോഫിയുടെ ഏറ്റവും മികച്ച ഉപഭോക്താക്കളുടെ രാജ്യം കൂടിയാണ്. സൗദി കോഫി വർഷാഘോഷത്തിൽ ഒരു പ്രധാന പ്രമോട്ടറായി ലുലു തുടരുമെന്നും സൗദി കാപ്പി പൈതൃകത്തിന്‍റെ ദൃശ്യ ഓർമപ്പെടുത്തലായി പുനരുപയോഗിക്കാവുന്ന ബാഗുകൾ, പേപ്പർ കപ്പുകൾ, ഫേഷ്യൽ ടിഷ്യു തുടങ്ങിയവ ലുലുവിന്‍റെ എല്ലാ ശാഖകളിലും ഉപഭോക്താക്കൾക്ക് നൽകുമെന്നും അതിലെല്ലാം 'സൗദി കോഫി 2022'ന്‍റെ വ്യതിരിക്തമായ കലാസൃഷ്ടികൾ പതിപ്പിക്കുമെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.