സൗദിക്ക് നന്ദി പറഞ്ഞ് ജപ്പാൻ; ജപ്പാന് ക്രൂഡ് ഓയിൽ നൽകുന്നത് തുടരാൻ സൗദി പ്രതിജ്ഞാബദ്ധം -കിരീടാവകാശി
text_fieldsറിയാദ്: ജപ്പാന് ക്രൂഡ് ഓയിൽ നൽകുന്നത് തുടരാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി നടത്തിയ വിഡിയോ കാളിനിടയിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. ഊർജ മേഖല ഉൾപ്പെടെയുള്ള മറ്റു മേഖലകളിൽ ജപ്പാനുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള സൗദിയുടെ ആഗ്രഹം കിരീടാവകാശി ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയവും സമീപ കാലത്തുണ്ടായ വളർച്ചയും ജാപ്പനീസ് കമ്പനികളുമായി നിരവധി മേഖലകളിലും വൻ പദ്ധതികളിലും ഇടപെടാനുള്ള ആഗ്രഹവും കിരീടാവകാശി സൂചിപ്പിച്ചു. ജപ്പാൻ സൗദിയുടെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമാണ്. സാംസ്കാരിക മേഖലയിൽ ജപ്പാൻ ഒരു പ്രമുഖ രാജ്യമാണ്. ആ മേഖലയിൽ ജപ്പാനുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള ആഗ്രഹം കിരീടാവകാശി പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും അവക്കായി നടത്തിയ ശ്രമങ്ങളും ജപ്പാൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. കാലാവസ്ഥാ സംരംഭം, പാരിസ്ഥിതിക സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണത്തിനു പുറമെ ഊർജ മേഖലയിലെ ഉഭയകക്ഷി സാമ്പത്തിക, നിക്ഷേപ സഹകരണം, സംയുക്ത നിക്ഷേപം എന്നിവയും ചർച്ച ചെയ്തു.
അതേ സമയം, ജപ്പാനിലേക്ക് ക്രൂഡ് ഓയിൽ സുസ്ഥിരമായി വിതരണം ചെയ്തതിന് ജപ്പാൻ പ്രധാനമന്ത്രി സൗദിക്ക് നന്ദി അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങൾ തടയുന്നതിനും മാനുഷിക സഹായം നൽകുന്നതിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ലക്ഷ്യമിട്ടും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തെ പിന്തുണക്കും ലക്ഷ്യമിട്ടു നടത്തുന്ന ശ്രമങ്ങൾ ജപ്പാൻ പ്രധാനമന്ത്രി കിരീടാവകാശിയുമായി ചർച്ച ചെയ്തു.
ആഗോള എണ്ണ വിപണി സുസ്ഥിരമാക്കുന്നതിലും ശുദ്ധമായ ഊർജത്തിനായി ആഗോള വിതരണ ശൃംഖലയെ പിന്തുണക്കുന്നതിലും സൗദി അതിന്റെ നേതൃപരമായ പങ്ക് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ 70ാം വാർഷികം ജപ്പാൻ പ്രധാനമന്ത്രി സുചിപ്പിച്ചു. സൗദിയുമായുള്ള സഹകരണം മേഖലയുടെ സുസ്ഥിരതക്ക് സംഭാവന നൽകുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിർമാണം, ഊർജ പ്രസരണം, ഹൈഡ്രജൻ ഉപയോഗം, ഡിജിറ്റൈസേഷൻ, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ബഹിരാകാശം, ആരോഗ്യം, മരുന്ന്, ഭക്ഷണം, കൃഷി, വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കു നയിക്കുന്ന മറ്റു മേഖലകൾ തുടങ്ങിയ മേഖലകളിൽ സൗദിയിൽനിന്ന് ജപ്പാനിലേക്കു നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കാൻ കഴിയുമെന്ന് ജപ്പാൻ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
വിനോദം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിൽ കൂടുതൽ വളർച്ചയെ പ്രോത്സാഹിപ്പിക്കാനാണ് ജപ്പാൻ ശ്രമിക്കുന്നതെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കാളിനിടയിൽ സൽമാൻ രാജാവിന് നല്ല ആരോഗ്യം ആശംസിച്ചു. കിരീടാവകാശി ജപ്പാൻ സന്ദർശിക്കണമെന്ന ക്ഷണം ജപ്പാൻ പ്രധാനമന്ത്രി പുതുക്കി. ജപ്പാൻ പ്രധാന മന്ത്രി നല്ല മനസ്സിനും വാക്കുകൾക്കും ജപ്പാൻ സന്ദർശിക്കാനുള്ള ക്ഷണം പുതുക്കിയതിനും കിരീടാവകാശി നന്ദി പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.