ലബനാൻ ജനതക്ക് സഹായം തുടർന്ന് സൗദി
text_fieldsയാംബു: ഇസ്രായേൽ അതിക്രമത്തിൽ പൊറുതിമുട്ടുകയും സംഘർഷത്തിൽ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത ലബനാനിലെ ജനങ്ങൾക്ക് സഹായം തുടർന്ന് സൗദി അറേബ്യ. ദേശീയ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ സെൻറർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിലാണ് ദുരിതാശ്വാസ വസ്തുക്കൾ ലബനാനിലേക്ക് സൗദി അയക്കുന്നത്. 27ാമത് ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച ലബനാൻ തലസ്ഥാന നഗരമായ ബെയ്റൂത്തിലെ റഫിഖ് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങളടങ്ങിയ വസ്തുക്കളും വഹിച്ചാണ് വിമാനം ലബനാനിലെത്തിയത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശങ്ങൾ പാലിച്ചാണ് സഹായ ദൗത്യം രാജ്യം തുടരുന്നത്.
ഗസ്സയിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണവസ്തുക്കൾ വീണ്ടും എത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ ദുരിതാശ്വാസ സാധനങ്ങൾ റഫയിൽ ഇസ്രായേൽ തടയുന്ന അവസ്ഥ തുടരുന്നതായാണ് റിപ്പോർട്ടുള്ളത്.
ജീവകാരുണ്യ സംവിധാനങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾ നടത്തുന്ന ഇസ്രായേലിനെതിരെ ഇതിനകം ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും ഇപ്പോൾ കൂടുതൽ ശക്തമായിരിക്കുകയാണ്. ലബനാനിലെ ആക്രമണങ്ങൾക്ക് അറുതിയായി ഇസ്രായേൽ പ്രഖ്യാപിച്ച 60 ദിവസത്തെ വെടിനിർത്തൽ ആശ്വാസം നൽകുന്നുവെങ്കിലും ആ രാജ്യത്തിന്റെ ഭദ്രദയും സുരക്ഷയും ഉറപ്പാക്കുന്നതിൽ സൗദിയുടെ പിന്തുണ ഇനിയും തുടരുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.