സൗദി-കുവൈത്ത് റെയിൽവേക്ക് പച്ചക്കൊടി
text_fieldsജിദ്ദ: സൗദി അറേബ്യക്കും കുവൈത്തിനും ഇടയിൽ റെയിൽവേ പദ്ധതിക്ക് പച്ചക്കൊടി. കുവൈത്തിെൻറ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയുടെ ഭാഗമാകാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തത്. ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് ഈ പദ്ധതി. അതിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ നിർമിക്കുന്ന റെയിൽവേയുമായി ബന്ധപ്പെട്ട കരാറിനാണ് നിയോമിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ സമ്മേളനം അംഗീകാരം നൽകിയത്.
ഈ റെയിൽവേ ലിങ്ക് പ്രൊജക്റ്റിെൻറ കരട് കരാറുമായി ബന്ധപ്പെട്ട് കുവൈത്ത് ഗതാഗത മന്ത്രിയുമായി ചർച്ച നടത്താൻ സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയെ സൗദി മന്ത്രിസഭ മുമ്പ് ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് തയ്യാറാക്കിയ ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന റെയിൽവേ പദ്ധതിയുടെ അന്തിമ കരാർ മന്ത്രി സാലെഹ് അൽജാസർ മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്യുകയായിരുന്നു. വൈകാതെ റെയിൽവേ നിർമാണം ആരംഭിക്കും.
ഇതടക്കം നിരവധി സുപ്രധാന തീരുമാനങ്ങൾക്ക് ചൊവ്വാഴ്ച രാത്രിയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ജിദ്ദ ഗവർണറേറ്റ് ഡെവലപ്‌മെൻറ് അതോറിറ്റിയുടെ സംഘടനാ സംവിധാനങ്ങൾക്ക് നൽകിയ അംഗീകാരമാണ് മറ്റൊന്ന്. 93-ാം ദേശീയ ദിനത്തിൽ രാജ്യത്തോട് പ്രകടിപ്പിച്ച ആശംസകൾക്ക് കിരീടാവകാശി സഹോദര-സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്ക് നന്ദി അറിയിച്ചു. നേതാക്കൾക്ക് നല്ല ആരോഗ്യവും സന്തോഷവും അവരുടെ രാജ്യങ്ങളിലെ സർക്കാരുകൾക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായി കിരീടാവകാശി പറഞ്ഞു. യു.എൻ ജനറൽ അസംബ്ലിയുടെ 78ാമത് സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ സൗദിക്ക് പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിനെയും അനുബന്ധമായി ചേർന്ന ബഹുമുഖ യോഗങ്ങളെയും മന്ത്രിസഭ അവലോകനം ചെയ്തു.
വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ജനറൽ കോൺഫറൻസിൽ വ്യക്തമാക്കിയ മനുഷ്യരാശിയെ സേവിക്കുന്നതിന് ആണവ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പിന്തുണ മുതൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നത് വരെയുള്ള കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു. ലോകം ആണവമുക്തമാക്കുന്നതിനും പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ ആണവായുധ നിർവ്യാപനത്തിനും ഉടമ്പടി നടപ്പാക്കേണ്ടതിെൻറ പ്രാധാന്യവും യോഗം എടുത്തുപറഞ്ഞു.
ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസിെൻറ പ്രസിഡൻറ് പദവിയിൽ ആവരോധിക്കപ്പെട്ട രാജ്യത്തിെൻറ വിജയത്തെയും കൗൺസിൽ ഓഫ് ദി ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ (ഐ.എസ്.ഒ) മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടതിനെയും മന്ത്രിസഭ പ്രശംസിച്ചു. കൂട്ടായ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ലക്ഷ്യമിട്ടുള്ള സംഭാവനകൾക്കും സംരംഭങ്ങൾക്കും ആഗോള തലത്തിൽ ലഭിച്ച അംഗീകാങ്ങളാണ് ഇവയെന്നും വിലയിരുത്തി. യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ സൗദിയിൽനിന്ന് ‘ഉറുഖ് ബനീ മാആരിദ്’ എന്ന സംരക്ഷിത പുരാവസ്തു പ്രദേശത്തെ ഉൾപ്പെടുത്തിയതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.