ഫോർമുല വൺ കാറോട്ട മത്സരം കാണാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമെത്തി
text_fieldsജിദ്ദ: ജിദ്ദയിൽ നടന്ന ഫോർമുല വൺ സൗദി ഗ്രാൻറ് പ്രി അവസാന റൗണ്ട് മത്സരം കാണാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും എത്തി. ഞായറാഴ്ച രാത്രി നടന്ന അവസാന റൗണ്ട് മത്സരം കാണാനാണ് കിരീടാവകാശി ജിദ്ദ കോർണിഷിലെ ട്രാക്കിലെത്തിയത്. കിരീടാവകാശിയെ കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ സ്വാഗതം ചെയ്തു. ശേഷം അദ്ദേഹം ട്രാക്കിലെ ആരംഭ പോയിൻറിലെത്തി സൗദി ഗ്രാൻഡ് പ്രിയുടെ ആരംഭം പ്രഖ്യാപിച്ചു. ശക്തമായ മത്സരത്തിന്റെ നിലവാരത്തെ അദ്ദേഹം പ്രശംസിക്കുകയും മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയാശംസകൾ നേരുകയും ചെയ്തു.
ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ, സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ ഫൈസൽ, എഫ്.ഐ.എ പ്രസിഡൻറ് ജിയാൻ ടോഡ് എന്നിവർ കിരീടാവകാശിയെ ട്രാക്കിൽ അനുഗമിച്ചു. ട്രാക്കിലെ നടത്തത്തിനിടയിൽ ഗ്യാലറിയുള്ളവരെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഇതോടെ ഫോർമുല വൺ കാറോട്ട മത്സരത്തിലെ കിരീടാവകാശിയുടെ സാന്നിധ്യം മത്സരം കാണാനെത്തിയവർക്ക് കൂടുതൽ ആവേശം പകർന്നു.
മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ തുടങ്ങി അമീറുമാരും മന്ത്രിമാരുമായി നിരവധി പേരും ഫോർമുല വൺ സൗദി ഗ്രാൻറ് പ്രി അവസാന റൗണ്ട് മത്സരം കാണാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.