സൗദി കിരീടാവകാശി പാരിസിൽ; ഫ്രഞ്ച് പ്രസിഡന്റുമായി നാളെ ചർച്ച നടത്തും
text_fieldsഅസ്ലം കൊച്ചുകലുങ്ക്
റിയാദ്: ബുധനാഴ്ച പാരിസിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ വെള്ളിയാഴ്ച എലിസി കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഔദ്യോഗിക ചർച്ച നടത്തും. ഫ്രാൻസിന്റെ മുൻകൈയിൽ ഈ മാസം 23, 24 തീയതികളിൽ നടക്കുന്ന ആഗോള സാമ്പത്തിക ഉടമ്പടിയിൽ പങ്കെടുക്കുന്നതിന് ബുധനാഴ്ച പാരിസിലെത്തിയ കിരീടാവകാശി നിരവധി വിഷയങ്ങൾ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
പാരിസിലെത്തുന്ന കിരീടാവകാശിയെ പ്രസിഡന്റ് മാക്രോൺ സ്വീകരിക്കുമെന്ന് എലിസി കൊട്ടാരം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അന്താരാഷ്ട്ര വിഷയങ്ങളും മധ്യപൗരസ്ത്യ മേഖലയിലെ സംഭവവികാസങ്ങളും ഇരു നേതാക്കളും ചർച്ചചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു. റഷ്യയും യുെക്രയ്നും തമ്മിലുള്ള പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അമീർ മുഹമ്മദ് ബിൻ സൽമാൻ നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ യുെക്രയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഇരു നേതാക്കളും തമ്മിൽ നടക്കും.
ജൂൺ 22, 23 തീയതികളിൽ പാരിസിൽ 'ഫോർ എ ന്യൂ ഗ്ലോബൽ ഫിനാൻഷ്യൽ പാക്റ്റ്' എന്ന പേരിൽ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന സൗദി പ്രതിനിധി സംഘത്തെ കിരീടാവകാശിയാണ് നയിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണുക, പുതിയ ആഗോള സാമ്പത്തിക ഉടമ്പടി രൂപവത്കരിക്കുക എന്നിവയാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ഫ്രഞ്ച് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രണ്ടാം ലോക യുദ്ധത്തിനു ശേഷം ഉയർന്നുവന്ന സാമ്പത്തിക വ്യവസ്ഥയുടെ തകരാറുകളിൽ നിന്ന് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമാണ് കിരീടാവകാശിയുടെ നേരിട്ടുള്ള പങ്കാളിത്തമെന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകൾ
'എക്സ്പോ 2030' ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള റിയാദിന്റെ സ്ഥാനാർഥിത്വം അവതരിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങിലും കിരീടാവകാശി പങ്കെടുക്കും. ജൂൺ 19 ന് പാരിസിലായിരിക്കും ഈ പരിപാടി.മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആഗോള വിനോദസഞ്ചാരത്തിന്റെ ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ഉദ്ദേശിക്കുന്ന അൽഉലാ വികസന പദ്ധതിയിൽ ഫ്രാൻസ് പങ്കാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.