സൗദി കിരീടാവകാശി- ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച
text_fieldsറിയാദ്: മധ്യ പൂർവേഷ്യൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഔദ്യോഗിക പര്യടനത്തിെൻറ ഭാഗമായി റിയാദിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി.
മേഖലയിലെ രാഷ്ട്രീയ, സംഘർഷ സാഹചര്യങ്ങളിലെ സംഭവവികാസങ്ങളും പ്രശ്നപരിഹാരത്തിന് നടത്തുന്ന ശ്രമങ്ങളും ഇരുകൂട്ടരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, മന്ത്രിസഭാംഗവും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ എന്നിവരും സൗദിയിലെ ഇറാൻ അംബാസഡർ അലി റിദാ ഇനായത്തിയും വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയ ശേഷമാണ് കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച നടന്നത്. കിരീടാവകാശിയുമായുള്ള ചർച്ച ക്രിയാത്മകമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് ഉപയോഗപ്രദവും ക്രിയാത്മകവുമായ കൂടിയാലോചനകൾ നടത്തിയതായി അദ്ദേഹം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആശ്വാസകരമായി നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളുടെയും ശ്രമങ്ങൾ പരാമർശിക്കപ്പെട്ടു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.
സൗദി അറേബ്യയുമായുള്ള ബന്ധവും വിവിധ മേഖലകളിൽ സഹകരണവും വിപുലീകരിക്കുന്നതിൽ ഇറാെൻറ നിശ്ചയദാർഢ്യവും ഗൗരവവും ഡോ. അബ്ബാസ് അറാഖ്ജി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.