ഷി ജിൻപിങ്ങിനെ സൗദി കിരീടാവകാശി സ്വീകരിച്ചു; ധാരണാപത്രങ്ങൾ കൈമാറി
text_fieldsറിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റിയാദിൽ ഔദ്യോഗിക ചർച്ച നടത്തി. സൗദി-ചൈന പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഏകോപന ശ്രമങ്ങൾ യോഗം ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ലഭ്യമായ അവസരങ്ങൾ ഉപയോഗപ്പെടുത്തി നിക്ഷേപം നടത്താനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇക്കാര്യത്തിൽ നടത്തിയ ഇടപെടലുകളും അവലോകനം ചെയ്തു. സൗദിയുടെയും ചൈനയുടെയും ഭാഗത്ത് നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത കൂടിക്കാഴ്ചയാണ് വ്യാഴാഴ്ച അൽ-യമാമ കൊട്ടാരത്തിൽ നടന്നത്. ഔദ്യോഗിക സന്ദർശനത്തിനായി റിയാദിലെത്തിയ ചൈനീസ് പ്രസിഡന്റിനെ യമാമ കൊട്ടാരത്തിൽ സ്വീകരിക്കാൻ ഔദ്യോഗിക ചടങ്ങ് ഒരുക്കിയിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം, കിരീടാവകാശിയും ചൈനീസ് പ്രസിഡന്റും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച നിരവധി കരാറുകളും ധാരണാപത്രങ്ങളും കൈമാറുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030, ചൈനീസ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നിവ തമ്മിലുള്ള വിന്യാസ പദ്ധതിയും ഇതിൽ പെടുന്നു. ഹൈഡ്രജൻ എനർജി മേഖലയിലെ സഹകരണം, സൈനികേതര, വാണിജ്യ, വ്യക്തിഗത കാര്യങ്ങളിൽ ജുഡീഷ്യൽ സഹായം, സൗദി അറേബ്യയിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനുള്ള ധാരണാപത്രം എന്നിവയും കൈമാറ്റം ചെയ്യപ്പെട്ടു. നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഭവനനിർമാണ മേഖലയിൽ ധാരണാപത്രത്തിലെ വ്യവസ്ഥകൾ സജീവമാക്കുന്നതിനുള്ള കർമപദ്ധതിയിലും ഇരുപക്ഷവും ഒപ്പുവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.