യുക്രെയ്ൻ പ്രതിസന്ധി; സൗദി കിരീടാവകാശിയും പുടിനും ചർച്ച ചെയ്തു
text_fieldsഅമീർ മുഹമ്മദ് ബിൻ സൽമാനും വ്ലാദിമിർ പുടിനും (ഫയൽ ഫോട്ടോ)
ജിദ്ദ: യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ സംബന്ധിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഫോണിൽ ചർച്ച ചെയ്തു. യുക്രെയ്നിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന സംഭാഷണങ്ങളും അനുബന്ധമായ എല്ലാ കാര്യങ്ങളും സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താനുള്ള സൗദിയുടെ താൽപര്യം കിരീടാവകാശി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിലവിലുള്ള മേഖലകളും അവ വികസിപ്പിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. ക്രിയാത്മകമായ പരിശ്രമങ്ങൾക്കും നല്ല പ്രവർത്തനങ്ങൾക്കും റഷ്യൻ പ്രസിഡന്റ് സൗദിക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു.
യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനുള്ള റിയാദിന്റെ ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രശംസിച്ചതായി ക്രെംലിൻ പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി പുടിൻ ഫോണിൽ സംസാരിച്ചെന്നും ഈ സമയത്ത് വാഷിങ്ടണുമായുള്ള ചർച്ചകൾക്ക് സാഹചര്യമൊരുക്കിയ സൗദിയുടെ മധ്യസ്ഥ ശ്രമങ്ങളെ പുടിൻ പ്രശംസിച്ചുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
യുഎസ്- റഷ്യൻ ബന്ധം സാധാരണ നിലയിലാക്കുന്നതിന് സംഭാവന നൽകാൻ സൗദി കിരീടാവകാശി സന്നദ്ധത പ്രകടിപ്പിച്ചതായും ക്രെംലിൻ വ്യക്തമാക്കി. ഒപെക് പ്ലസ് ചട്ടക്കൂടിനുള്ളിലെ സഹകരണത്തിന്റെ പ്രാധാന്യം പുടിനും അമീർ മുഹമ്മദ് ബിൻ സൽമാനും ഊന്നിപ്പറഞ്ഞതായും പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.