‘സൗദി ഡാക്കർ റാലി’ക്ക് ആവേശത്തുടക്കം
text_fieldsറിയാദ്: മോട്ടോർസ്പോൾട്സിലെ ലോകത്തിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ ‘സൗദി ഡാക്കർ റാലി’ക്ക് ആവേശകരമായ തുടക്കം. തുടർച്ചയായി ആറാം തവണയാണ് സൗദി അറേബ്യ ഡാക്കർ റാലിക്ക് ആതിഥ്യമരുളുന്നത്. ബിഷ ഗവർണറേറ്റിൽനിന്ന് ആരംഭിച്ച റാലി ജനുവരി 17വരെ തുടരും. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന റാലിക്ക് കായിക മന്ത്രാലയമാണ് മേൽനോട്ടം വഹിക്കുന്നത്.
70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 800ലധികം വാഹനയോട്ടക്കാർ മത്സരിക്കുന്നുണ്ട്. ആറ് വിഭാഗങ്ങളിലായി 439 വാഹനങ്ങളുമായി അവർ മത്സരിക്കും. കാർ വിഭാഗത്തിൽ 130 ഡ്രൈവർമാരുടെയും നാവിഗേറ്റർമാരുടെയും സാന്നിധ്യമുണ്ടാകും. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ 136ലധികം മത്സരാർഥികൾ പങ്കെടുക്കും.
ചലഞ്ചർ ലൈറ്റ് മരുഭൂ വാഹന വിഭാഗത്തിൽ 108ലധികം ഡ്രൈവർമാരും നാവിഗേറ്റർമാരും വാണിജ്യാവശ്യങ്ങൾക്കുള്ള ലൈറ്റ് മരുഭൂ വാഹനങ്ങളുടെ വിഭാഗത്തിൽ (സൈഡ് ബൈ സൈഡ്) 78 ഡ്രൈവർമാരും നാവിഗേറ്റർമാരും പങ്കെടുക്കും. ട്രക്ക് വിഭാഗത്തിൽ 135ലധികം ഡ്രൈവർമാരും നാവിഗേറ്റർമാരും അസിസ്റ്റന്റുമാരും മത്സരിക്കും. ഡാക്കർ ക്ലാസിക്കിന് പുറമെ 76 ക്ലാസിക് കാറുകളുടെയും 19 ക്ലാസിക് ട്രക്കുകളുടെയും പങ്കാളിത്തമുണ്ടാകും.
തുടർച്ചയായ ആറാം തവണയും സൗദി ഡാക്കർ റാലിക്ക് സൗദി ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യക്ക് ഇത്തരം മത്സരങ്ങൾ നടത്താനുള്ള വിഭവശേഷിയെ എടുത്തുകാണിക്കുന്നതാണെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു. ഭരണകൂടത്തിന്റെ വലിയ താൽപര്യവും ഉദാരമായ പിന്തുണയുമാണ് ഇതിനു പിന്നിൽ. ‘വിഷൻ 2030’ൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ സംരംഭങ്ങളും പരിപാടികളും നടപ്പാക്കുന്നതിനുള്ള സ്പോർട്സ് മേഖലയുടെ തുടർച്ചയായ പ്രതിബദ്ധതക്ക് പുറമെയാണിതെന്നും കായികമന്ത്രി പറഞ്ഞു.
ബിഷ ഗവർണറേറ്റിൽനിന്ന് ആരംഭിക്കുന്ന റാലി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെയുള്ള ദീർഘവും ആവേശകരവുമായ ഒരു യാത്രയായിരിക്കും. ശുബൈത്വയിൽ മത്സരങ്ങൾ അവസാനിപ്പിക്കുന്നതിന് മുമ്പ് റിയാദിനും ഹറാദിനും പുറമെ അൽ ഹനാകിയ, അൽ ഉല, ഹാഇൽ, ദവാദ്മി എന്നിവയിലൂടെ കടന്നുപോകും. രാജ്യത്ത് തുടർച്ചയായി ആറാം തവണയും ഈ ആഗോള റാലി നടത്തുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ പറഞ്ഞു.
ആവേശവും വെല്ലുവിളിയും നിറഞ്ഞ ഒരു അസാധാരണ പതിപ്പ് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. മുമ്പ് കടന്നുപോകാത്ത പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ റാലി. പുതിയ ട്രാക്കുകളുടെ സാന്നിധ്യം റാലിയിൽ പങ്കെടുക്കുന്നവർക്കും പ്രേക്ഷകർക്കും അന്താരാഷ്ട്ര മാധ്യമ പ്രതിനിധികൾക്കും സൗദിയുടെ ഭൂപ്രദേശത്തിന്റെ ഭംഗിയും സ്വഭാവവും കണ്ടെത്താനാകും.
ലോകത്തിലെ ഏറ്റവും വലിയ ഓട്ടമത്സരത്തിൽ സസ്പെൻസിന്റെയും ഉത്സാഹത്തിന്റെയും തോത് ഉയർത്തുന്ന കൂടുതൽ വെല്ലുവിളികൾ ഈ വർഷം പങ്കെടുക്കുന്നവർക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ യുവാക്കൾക്കും യുവതികൾക്കും വേണ്ടി ഞങ്ങൾ നേടിയ മഹത്തായ അനുഭവങ്ങളിലൂടെ റാലിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ വിജയത്തിന്റെ ഒരു പുതിയ അധ്യായം എഴുതുമെന്ന് ഉറപ്പുണ്ടെന്നും അമീർ ഖാലിദ് ബിൻ സുൽത്താൻ പറഞ്ഞു.
സൗദിയെ പ്രതിനിധീകരിച്ച് അൽറുമാഹും അൽമുഗീറയും
റിയാദ്: 2025 ഡാക്കർ റാലിയിൽ സൗദിയെ പ്രതിനിധീകരിച്ച് രണ്ട് റേസർമാരായ കാർ ഡ്രൈവർ ത്വാരിഖ് അൽറുമാഹും സൈക്ലിസ്റ്റ് അബ്ദുൽ ഹലീം അൽമുഗീറയും പെങ്കടുക്കും. മോട്ടോർ സ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റായ ‘സൗദി ഡാക്കർ റാലി 2025’ന്റെ 47ാമത് എഡിഷനിൽ പങ്കെടുക്കാനായ ആവേശത്തിലാണ് ഇരു മത്സരാർഥികളും.
രാജ്യത്തിന്റെ മരുഭൂമിയിൽ വിശാലമായ ദൂരങ്ങളിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അരാംകോയിൽനിന്ന് സ്പോൺസർഷിപ് ലഭിച്ച ശേഷമാണ് ഇവരുടെ പങ്കാളിത്തം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനുള്ള രണ്ട് മത്സരാർഥികളുടെ ശ്രമങ്ങളെ സൗദി കായിക ലോകം പ്രശംസിച്ചു. ഡാക്കർ റാലിയിലെ അവരുടെ പങ്കാളിത്തം സൗദി യുവാക്കളുടെ സ്ഥിരോത്സാഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. സൗദി റാലി സ്പോർട്സിന്റെ തുടർച്ചയായ വികസനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇത് ആഗോള കായികരംഗത്ത് അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നുവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.