44-ാമത് എഡിഷൻ സൗദി ഡാകർ റാലിക്ക് ഹാഇലിൽ തുടക്കം
text_fieldsജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് കാർ സംഗമമായി സൗദിയിൽ സംഘടിപ്പിക്കുന്ന 44-ാമത് എഡിഷൻ 'സൗദി ഡാക്കർ റാലി'ക്ക് ഹാഇലിൽ തുടക്കമായി. അൽ മഗ്വ അമ്യൂസ്‌മെന്‍റ് പാർക്കിൽ നടന്ന ഉദ്‌ഘാടന പരിപാടിയിൽ ഹാഇൽ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സാദ്, ഡെപ്യൂട്ടി ഗവർണർ അമീർ ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്‌രിൻ എന്നിവർ പങ്കെടുത്തു.
14 ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ 70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 650 ലധികം മത്സരാർഥികൾ റാലിയിൽ പങ്കെടുക്കും. ഇതാദ്യമായാണ് ഡാകർ റാലിയിൽ ഇത്രയും രാജ്യങ്ങളുടെയും മത്സരാർഥികളുടെയും പങ്കാളിത്വം. സൗദിയിലെ വിവിധ ഗവർണറേറ്റുകളിലും നഗരങ്ങളിലും പ്രദേശങ്ങളിലുമായി 8,375 കിലോമീറ്റർ മലകളും കുന്നുകളും മരുഭൂമിയും താണ്ടി 12 ഘട്ടങ്ങളായാണ് റാലി നടക്കുക.
കാറുകൾ, മോട്ടോർ സൈക്കിളുകൾ, ക്വാഡ് ബൈക്കുകൾ, ട്രക്കുകൾ, മരുഭൂമിയിൽ മാത്രം ഓടിക്കുന്ന ചെറുവാഹനങ്ങൾ, ഡാകർ ക്ലാസിക് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായായാണ് മത്സരം. റാലിയിൽ പങ്കെടുക്കാനുള്ള 1,100 വ്യത്യസ്ത വാഹനങ്ങൾ കഴിഞ്ഞ ദിവസം ഫ്രാൻസിലെ മാഴ്സെയിൽ നിന്ന് രണ്ട് കപ്പലുകളിലായി ജിദ്ദ തുറമുഖത്തെത്തിയിരുന്നു.
ഡാനിയ അഖീൽ, മഷായേൽ അൽ ഒബൈദാൻ എന്നീ രണ്ട് വനിത സൗദി റേസർമാരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക മത്സരം ഹാഇലിൽ നിന്ന് തുടങ്ങി അർധാവിയ, ഖൈസൂമ, റിയാദ്, ദവാദ്മി, വാദി ദവാസിർ, ബിഷ തുടങ്ങിയ പ്രദേശങ്ങൾ പിന്നിട്ട് ഈ മാസം 14 ന് ജിദ്ദയിൽ സമാപിക്കും.
ഇത് മൂന്നാം തവണയാണ് സൗദി അറേബ്യ ഡാകർ റാലിക്ക് ആതിഥേയത്വം വഹിക്കുന്നത്. മത്സരത്തിന്‍റെ ആദ്യ പാദം ശനിയാഴ്ച ജിദ്ദയിൽ നടന്നു. 19 കിലോമീറ്റർ മാത്രം ദൂരത്തിൽ നടന്ന മത്സരത്തിൽ കാര്‍ വിഭാഗത്തില്‍ ഖത്തർ സ്വദേശി ടൊയോട്ടയുടെ നാസര്‍ അല്‍ അത്വിയ്യ ഒന്നാമതെത്തി. 10 മിനിറ്റ് 56 സെക്കന്‍റിലാണ് ഇദ്ദേഹം ദൂരം പൂർത്തിയാക്കിയത്. 12 സെക്കന്‍റിന് പിന്നിലായ ഓഡിയുടെ കാര്‍ലോസ് സയ്ന്‍സ് രണ്ടാമതെത്തി. ആദ്യ മത്സരത്തിൽ സൗദി താരം യസീദ് അല്‍റാജി ആറാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.