അഞ്ചാമത് സൗദി ഡാകർ റാലി വാഹനയോട്ട മത്സരം ഇന്ന് അൽഉലയിൽ ആരംഭിക്കും
text_fieldsറിയാദ്: അഞ്ചാമത് സൗദി ഡാകർ റാലി വാഹനയോട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും. 7,800 കിലോമീറ്ററിലുള്ള മത്സരത്തിന്റെ തുടക്കത്തിന് അൽഉല ഗവർണറേറ്റാണ് സാക്ഷ്യംവഹിക്കുക.
വിവിധ വിഭാഗങ്ങളിലായി 434 വാഹനങ്ങൾ പങ്കെടുക്കുന്ന റാലി ഈ മാസം 19 വരെ തുടരും. ഇത്തവണ ട്രാക്കുകളിൽ 60 ശതമാനവും പുതിയതാണ്. സൗദിയിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളും പുരാവസ്തു മേഖലകളും വഴി കടന്നുപോകാനുള്ള അവസരമാണ് മത്സരാർഥികൾക്ക് ലഭിക്കുക. സസ്പെൻസിന്റെയും ആവേശത്തിന്റെയും തോത് ഉയർത്തുന്ന പുതിയ വെല്ലുവിളികളും നേരിടേണ്ടിവരും.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും താൽപര്യത്തിന്റെയും പിന്തുണയുടെയും വെളിച്ചത്തിൽ സൗദി ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് 2024 ലും ഞങ്ങൾ പ്രവർത്തിക്കുകയാണെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പറഞ്ഞു. ലോകമെമ്പാടുമുള്ള 72 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 778 കാറോട്ടക്കാരാണ് റാലിയിൽ പങ്കെടുക്കുന്നത്. ആവേശവും വെല്ലുവിളിയും നിറഞ്ഞ മത്സരം 15 ദിവസം ആസ്വദിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്യുകയാണെന്ന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഅബ്ദുല്ല അൽഫൈസൽ പറഞ്ഞു. മോട്ടോർ സ്പോർട്സിനുള്ള വീടെന്ന സൗദി അറേബ്യയുടെ പദവിക്ക് അനുയോജ്യമായ ഒരു പ്രധാന ആഗോളഫോറം സംഘടിപ്പിക്കുന്നതിൽ അഭിമാനിക്കുകയാണെന്നും അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ പറഞ്ഞു.
റാലിയിൽ 163 പേർ പങ്കെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. 119 പേർ സ്പെയിനിൽനിന്നും 72 പേർ ഇറ്റലിയിൽനിന്നും പങ്കെടുക്കും. 135 പേർ ആദ്യമായാണ് മത്സരിക്കുന്നത്. ഡാകർ ക്ലാസിക് വിഭാഗത്തിൽ 34 പേർ ഉൾപ്പെടെ 46 വനിതകളും മത്സരത്തിൽ പങ്കെടുക്കും. ഈ വർഷം 10 സൗദി കാറോട്ടക്കാരും പങ്കെടുക്കും.
137 മോട്ടോർ സൈക്കിളുകൾ, 72 റേസ് കാറുകൾ, 46 ട്രക്കുകൾ, ടയർ ത്രീ ലൈറ്റ് ഡെസേർട്ട് വെഹിക്കിൾ വിഭാഗത്തിലെ 42 വാഹനങ്ങൾ, ഫോർ വീൽ ലൈറ്റ് ഡെസേർട്ട് വിഭാഗത്തിലെ 36 വാഹനങ്ങൾ, 10 ക്വാഡുകൾ എന്നീ വാഹനങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.
കൂടാതെ 66 ക്ലാസിക് കാറുകൾ, 14 ക്ലാസിക് ട്രക്കുകൾ, ഫ്യൂച്ചർ ഓഫ് ഡാകർ- മിഷൻ 1000 വിഭാഗത്തിൽ 10 വാഹനങ്ങൾ എന്നിവയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.