ഡാക്കർ റാലി: കാർ വിഭാഗത്തിൽ ഖത്തർ പൗരൻ നാസർ അത്വിയക്ക് കിരീടം
text_fieldsജിദ്ദ: ഈ വർഷത്തെ സൗദി ഡാക്കർ റാലിയിൽ ഖത്തറി കാറോട്ട താരം നാസർ അൽഅത്വിയ കാർ വിഭാഗത്തിൽ ജേതാവായി. ഫ്രഞ്ച് താരം സെബാസ്റ്റ്യൻ ലോബ് രണ്ടാം സ്ഥാനവും സൗദി താരം യസീദ് അൽറാജ്ഹി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 12 ഘട്ടങ്ങളായാണ് മത്സരം നടന്നത്. മത്സരത്തിന്‍റെ ആദ്യംഘട്ടം മുതലേ നാസർ അൽഅത്തിയ മുന്നിലായിരുന്നു. സെബാസ്റ്റ്യൻ ലോബിനെ 27 മിനിറ്റും 46 സെക്കൻഡും വ്യത്യാസത്തിൽ പിന്നിലാക്കിയാണ് അൽ അത്തിയ വിജയകിരീടം ചൂടിയത്. നാലാം തവണയാണ് നാസർ അൽഅത്വിയ ഡാക്കർ റാലിയിൽ കിരീടം നേടുന്നത്. ഒരു മണിക്കൂർ ഒരു മിനിട്ട് 13 സെക്കൻഡിലാണ് സൗദി യസീദ് അൽറാജ്ഹി മൂന്നാമതെത്തിയത്.
ബ്രിട്ടന്‍റെ 'ഗാസ്ഗാസ്' റൈഡർ സാം സണ്ടർലാൻഡ് ആണ് ബൈക്ക് വിഭാഗത്തിൽ ജേതാവ്. ചിലിയൻ പാബ്ലോ ക്വിൻറാനിയ, ഓസ്ട്രിയൻ മത്തിയാസ് ഫോക്നർ എന്നിവരെ മറികടന്നാണ് സണ്ടർലാൻഡ് വിജയ കിരീടം ചൂടിയത്. ഇത് രണ്ടാംതവണയാണ് സാം സണ്ടർലാൻഡ് കിരീടമണിയുന്നത്. 2017 ഡാക്കർ റാലിയിലാണ് ആദ്യം കിരീടം ചൂടിയത്.
ട്രക്ക് വിഭാഗത്തിൽ റഷ്യൻ കാമാസ് മാസ്റ്റർ ടീം ആണ് ജേതാക്കളായത്. ജനുവരി രണ്ടിനാണ് ഡാക്കർ റാലി ആരംഭിച്ചത്. മത്സരത്തിന്‍റെ 12-ാമത്തെയും അവസാനത്തെയും ഘട്ടം ജിദ്ദയിലായിരുന്നു. ബിഷ ഗവർണറേറ്റിൽ നിന്ന് ജിദ്ദയിലേക്കുള്ള അവസാന ഘട്ടം 680 കിലോമീറ്റർ ദൂത്തിലായിരുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തവും അഭിമാനകരവുമായ മരുഭൂമി റാലിയുടെ ചരിത്രത്തിൽ പങ്കാളിത്തത്തിൽ ഏറ്റവും വലിയ പതിപ്പാണ് 2022 ലെ സൗദി ഡാക്കാർ റാലി. ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 650 ലധികം പേരാണ് റാലിയിൽ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലായി 430 വാഹനങ്ങളും ഡാകർ ക്ലാസിക് വിഭാഗത്തിൽ 148 വാഹനങ്ങളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.