സൗദി സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തിനരികെ
text_fieldsദമ്മാം: അറബ് സാക്ഷരത ദിനാചരണത്തിന്റെ ഭാഗമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ സാക്ഷരത നിരക്ക് പ്രഖ്യാപിച്ചു. ജനുവരി എട്ടാണ് അറബ് സാക്ഷരത ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആചരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തുടർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് രാജ്യം സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തിനരികിലാണെന്ന സൂചന നൽകിയത്. ദേശീയ പരിവർത്തന പദ്ധതിയായ 'വിഷൻ 2030'ന്റെ ഭാഗമായി നടപ്പാക്കിയ സമാന്തര വിദ്യാഭ്യാസ പദ്ധതികളിലൂടെ രാജ്യം സമ്പൂർണ സാക്ഷരത ദൗത്യം വിജയത്തിന് അടുത്തെത്തുകയാണ്. നിരക്ഷരത നിരക്ക് 3.7 ശതമാനമായി കുറഞ്ഞു. 2019ൽ 5.6 ശതമാനമായിരുന്ന നിരക്കാണ് ഇപ്പോൾ 3.7 ആയി കുറഞ്ഞത്.
വിദൂര സാക്ഷരത പരിശീലന പരിപാടികൾ, അയൽപക്ക പഠനകേന്ദ്രങ്ങൾ എന്നിവ വഴി 90,000ത്തിലധികം ആളുകളെ ഇക്കാലത്ത് സാക്ഷരരാക്കി മാറ്റി. അറബ് ഓർഗനൈസേഷൻ ഫോർ എജുക്കേഷൻ-കൾചർ ആൻഡ് സയൻസ് (അലെസ്കോ) ആണ് ജനുവരി എട്ട് അറബ് സാക്ഷരത ദിനമായി പ്രഖ്യാപിച്ചത്. സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തിലേക്ക് രാജ്യത്തെ എത്തിക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രേരണയാണ് അറബ് സാക്ഷരതദിനം നൽകുന്നത്.
'വിഷൻ 2030' പൂർത്തിയാകുമ്പോൾ സുസ്ഥിര വികസനത്തിനുതകുന്ന വിദ്യാഭ്യാസ നിലവാരമുള്ള ജനതയെ സജ്ജരാക്കാൻ ഈ പദ്ധതികൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസം നേടുക എന്നത് ഓരോ പൗരന്റെയും മൗലികാവകാശങ്ങളിൽപെട്ടതാണ്. അതിൽ ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാവരുത് എന്നതാണ് രാജ്യത്തിന്റെ താൽപര്യം. കോവിഡ് പ്രതിസന്ധിയുടെ അസാധാരണ സാഹചര്യങ്ങൾക്കിടയിലും കഴിഞ്ഞ വർഷം തുടർ വിദ്യാഭ്യാസത്തിന്റെയും സാക്ഷരത യജ്ഞത്തിന്റെയും കാര്യത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ മന്ത്രാലയങ്ങൾക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. മൂന്നു ഘട്ടങ്ങളിൽ പരീക്ഷയെഴുതി ഒരു വിദ്യാഭ്യാസഘട്ടം പൂർത്തീകരിക്കുന്ന രീതിയിൽ വിദ്യാഭ്യാസ പാഠ്യപദ്ധതി തുടരുന്നതിനുള്ള പഠന പദ്ധതികൾ മന്ത്രാലയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഐ.ഇ.എൻ എന്നപേരിൽ വിദ്യാഭ്യാസത്തിനായി ചാനൽ ആരംഭിച്ച് വീട്ടിലിരുന്നുതന്നെ അറിവ് നേടുന്നതിനുള്ള സംവിധാനങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
നിരക്ഷരത തുടച്ചുനീക്കുന്നതിനുള്ള വേനൽക്കാല കാമ്പയിനുകളും വിദൂര ബോധവത്കരണ കാമ്പയിനുകളും ഏറെ ഫലപ്രദമായി. ഗ്രാമീണരും പ്രായമായവരും എല്ലാം ഈ ചാനൽ വഴി വിദ്യാഭ്യാസം നേടുന്ന രീതി സർവസാധാരണമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.