സ്കീകോ കോൺട്രാക്ടേഴ്സ് സേഫ്റ്റി ഫോറത്തിൽ ശ്രദ്ധേയനായി മലയാളി
text_fieldsദമ്മാം: സൗദി ഊർജമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും സുരക്ഷ വർധിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ കരാറുകാർക്കായി സൗദി ഇലക്ട്രിസിറ്റി കമ്പനി (സ്കീകോ) സേഫ്റ്റി ഫോറം സംഘടിപ്പിച്ചു.
സൗദിയിലെ വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ പങ്കെടുത്ത ഫോറത്തിൽ ദമ്മാമിൽനിന്നുള്ള ആലപ്പുഴ കളർകോട് സ്വദേശി അരുൺ രവീന്ദ്രന്റെ പ്രഭാഷണം ശ്രദ്ധേയമായി. തൊഴിലാളി സുരക്ഷ മേഖലയിൽ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുള്ള അരുൺ രവീന്ദ്രനെ സേഫ്റ്റി ഫോറം പ്രത്യേകം ക്ഷണിക്കുകയായിരുന്നു.
റിയാദിലെ സൗദി ഇലക്ട്രിസിറ്റി കമ്പനി ആസ്ഥാനത്ത് വ്യാവസായിക സുരക്ഷക്കുള്ള സുപ്രീം അതോറിറ്റി ഗവർണർ അലി ബിൻ മുഹമ്മദ് അൽസഹ്റാനി, ഊർജമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫൗദ് മൂസ, സൗദി ഇലക്ട്രിസിറ്റി കമ്പനി സി.ഇ.ഒ ഖാലിദ് അൽ ഖുനുൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫോറം അരങ്ങേറിയത്. തൊഴിൽ മേഖലകളിൽ പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുന്നതിൽ കരാറുകാരന്റെ പങ്കാളിത്തം, കരാറുകാരുടെ തൊഴിൽ മേഖലയിലെ പ്രകടനം, തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയിലുള്ള പ്രതിബദ്ധതയും ഊന്നലും വൈദ്യുതി മേഖലയിലെ കരാറുകാർക്കിടയിൽ തൊഴിൽസുരക്ഷയും ആരോഗ്യസംസ്കാരവും എന്ന ആശയത്തിന്റെ നിർവചനം എന്നിവ വിശദമാക്കുന്ന വിവിധ സെഷനുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. വൈദ്യുതി മേഖലയിലെ കരാറുകാർക്കിടയിൽ തൊഴില്‍സുരക്ഷ സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഫോറം ആഹ്വാനം നൽകി.
സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ പ്രമുഖ കരാറുകാരായ നാഷനല്‍ കോൺട്രാക്ടിങ് കമ്പനിയുടെ (റിസായത്ത് ഗ്രൂപ്) കോര്‍പറേറ്റ് സേഫ്റ്റി മാനേജര്‍ കൂടിയായ അരുണ്‍ രവീന്ദ്രൻ ‘ലീഡിങ് സ്ട്രാറ്റജീസ് ആന്‍ഡ് സക്സസ് സ്റ്റോറീസ്’ എന്ന വിഷയം അവതരിപ്പിച്ചു. മികച്ച വിഷയാവതാരകനുള്ള പുരസ്കാരം നൽകിയാണ് അധികൃതർ അരുൺ രവീന്ദ്രനെ ആദരിച്ചത്.
24 വർഷമായി സുരക്ഷമേഖലയിൽ പ്രവർത്തിക്കുന്ന അരുൺ ഹെൽത്ത്, സേഫ്റ്റി, എൻവയേൺമെൻറ് എൻജിനീയറിങ്ങിൽ യു.കെയിൽനിന്ന് മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. യു.എസിലെ വേൾഡ് സേഫ്റ്റി ഓർഗനൈസേഷൻ, ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ തുടങ്ങി നിരവധി ഏജൻസികളിൽ അംഗമാണ്.
സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഊർജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ കോൺട്രാക്ടിങ് കമ്പനിയിലെ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.