അഫ്ഗാനിസ്താനിൽ സൗദി എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചു
text_fieldsറിയാദ്: മൂന്നുവർഷത്തിനുശേഷം അഫ്ഗാനിസ്താനിൽ സൗദി അറേബ്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചു. താലിബാൻ അധികാരം പിടിച്ച 2021ലാണ് കാബൂളിലെ നയതന്ത്രദൗത്യം സൗദി അവസാനിപ്പിക്കുകയും ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ചെയ്തത്.
പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി എംബസിയാണ് ‘എക്സ്’ അക്കൗണ്ടിൽ അറിയിച്ചത്. സൗദി അറേബ്യയുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലും അഫ്ഗാൻ ജനതക്ക് എല്ലാത്തരം സേവനങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെയുമാണ് നയതന്ത്ര ദൗത്യം പുനരാരംഭിക്കുന്നതെന്നും എംബസി അധികൃതർ കൂട്ടിച്ചേർത്തു.
അഫ്ഗാൻ തലസ്ഥാനത്തെ എല്ലാ മേഖലകളിലും താലിബാൻ നിയന്ത്രണം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ 2021 ആഗസ്റ്റിലാണ് സൗദി അതിന്റെ നയതന്ത്ര ദൗത്യത്തിലെ എല്ലാ ജീവനക്കാരെയും പിൻവലിച്ചത്. മൂന്നു മാസത്തിനുശേഷം കാബൂളിലെ എംബസിയുടെ കോൺസുലർ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ റിയാദ് തീരുമാനിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ സുരക്ഷ കാരണങ്ങളാൽ സൗദി നയതന്ത്ര ഉദ്യോഗസ്ഥരെല്ലാം വീണ്ടും അഫ്ഗാനിസ്താൻ വിട്ട് സൗദിയിലേക്ക് മടങ്ങി.
അതേ സമയം, കാബൂളിലെ നയതന്ത്ര ദൗത്യത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള സൗദിയുടെ തീരുമാനത്തെ അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഈ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലൂടെ സൗദിയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് ഞങ്ങൾ ശുഭാപ്തി വിശ്വാസികളാണെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സിയ അഹ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.