ഒപെക് പ്ലസ് കൂട്ടായ്മയിൽ വിശ്വാസമെന്ന് സൗദി ഊർജമന്ത്രി
text_fieldsറിയാദ്: പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായമയായ ഒപെക് പ്ലസിൽ തനിക്ക് വിശ്വാസമുണ്ടെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ. റിയാദ് കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻററിൽ 44ാമത് ഇൻറർനാഷനൽ അസോസിയേഷൻ ഫോർ എനർജി ഇകണോമിക്സ് (ഐ.എ.ഇ.ഇ) ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒപെക് പ്ലസിനെ വിശ്വസിക്കുക എന്നതാണ് ഊർജമന്ത്രി എന്ന നിലയിൽ താൻ പഠിച്ച ഏറ്റവും പ്രധാന പാഠമെന്ന് അദ്ദേഹം പറഞ്ഞു. ഊർജ കാര്യങ്ങളെ രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്ന് ഒപെക് കൂട്ടായ്‌മ വേറിട്ടുതന്നെ കാണുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഒപെക് പ്ലസ് വീണ്ടും യോഗം ചേരുകയില്ലെന്നും അവർക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും ചിലർ കരുതിയിരുന്നു. എന്നാൽ കാര്യങ്ങൾ ശരിയായ വഴിക്കാണ് നീങ്ങുന്നത്.
ശുദ്ധമായ പുനരുപയോഗ ഊർജത്തിന്റെ കാര്യത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ വലിയ തോതിൽ അത് ഉൽപാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പച്ച, നീല, വയലറ്റ് ഹൈഡ്രജൻ ഉൽപാദനത്തിലും രാജ്യം വൈകാതെ തന്നെ അതേ സ്ഥാനത്തെത്തും. മനുഷ്യരാശിയോട് കരുണ്യമുള്ള സമീപനമാണ് സൗദി അനുവർത്തിക്കുന്നതെന്ന് ഒരു പ്രതിനിധിയുടെ ചോദ്യത്തോട് അമീർ അബ്ദുൽ അസീസ് പ്രതികരിച്ചു. യുക്രെയ്ൻകാർക്ക് ശുദ്ധമായ ദ്രവീകൃത പെട്രോളിയവും വാതകവും ലഭ്യമാക്കുന്നതിന് പിന്നിൽ ഈ രാജ്യമുണ്ട്. ഞങ്ങൾ കരുണയുള്ളവരാണ്. വികാരങ്ങളോ മനുഷ്യത്വമോ ഇല്ലാത്തവരല്ല. യുക്രെയ്നിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് ചോദിച്ചാൽ നിങ്ങൾക്കത് മനസ്സിലാകുമെന്നും മന്ത്രി മറുപടി നൽകി. ‘ശുദ്ധവും സുസ്ഥിരവുമായ ഊർജ ഭാവിയിലേക്കുള്ള പാതകൾ’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. ലോക സാമ്പത്തിക മേഖലയിൽ ഏറ്റവും സ്വാധീനമുള്ളതാണ് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.