സൗദി വിദേശകാര്യമന്ത്രി ഇന്ത്യയിൽ
text_fieldsജിദ്ദ: ഹ്രസ്വ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറുമായി കുടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ ഒൗദ്യോഗിക കൂടിക്കാഴ്ചക്കിടയിൽ ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൂടാതെ പൊതു താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളിൽ സംയുക്ത പ്രവർത്തനവും ഉഭയകക്ഷി ഏകോപനവും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കുന്ന കാര്യങ്ങളും കോവിഡിനെ ചെറുക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങളും ചർച്ച ചെയ്തു. കോവിഡ് പ്രതിസന്ധി നേരിടാൻ വൈദ്യസഹായം നൽകി ഇന്ത്യക്കൊപ്പം നിന്ന സൗദി അറേബ്യയുടെ നിലപാടിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.
സൗദിയുടെയും ഇന്ത്യയുടെയും രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ സഹകരണം വർധിപ്പിക്കുക, പരസ്പര നിക്ഷേപത്തിെൻറ തോത് കൂട്ടുക, സൗദിയുടെ സമഗ്ര വികസന പരിവർത്തന പദ്ധതിയായ 'വിഷൻ 2030'െൻറ വെളിച്ചത്തിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ഏകീകരിക്കുക തുടങ്ങിയ കാര്യങ്ങളും ഇരു വിദേശകാര്യ മന്ത്രിമാരും ചർച്ച ചെയ്തതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.
പ്രകൃതിയെ സംരക്ഷിക്കാൻ അന്താരാഷ്ട്ര തലത്തിൽ സൗദി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച 'ഗ്രീൻ സൗദി അറേബ്യ', 'ഗ്രീൻ മിഡിൽ ഈസ്റ്റ്' സംരംഭങ്ങളെക്കുറിച്ചും സൗദി വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ് ബിൻ മുഹമ്മദ് അൽസാത്വി, സൗദി വിദേശകാര്യ മന്ത്രി ഒാഫീസ് മേധാവി അബ്ദുറഹ്മാൻ അൽദൗദ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.