ഫാൽക്കൺ ലേലത്തിൽ കനേഡിയൻ ഫാം ജോൺ ലെജ്യൂണും
text_fieldsറിയാദ്: സൗദി തലസ്ഥാനനഗരത്തിൽ നടക്കുന്ന അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ പ്രമുഖ ഫാൽക്കൺ ഉൽപാദകരായ കാനേഡിയൻ ഫാം ‘ജോൺ ലെജ്യൂണും’ പങ്കെടുക്കുന്നു. സൗദി ഫാൽക്കൺസ് ക്ലബ് ആഗസ്റ്റ് 24 വരെ റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തുള്ള മൽഹമിലാണ് ലേലം നടക്കുന്നത്. സൗദിയിലെ ഫാൽക്കൺ ലേലത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്ന് ഫാം ഉടമ ജോൺ പറഞ്ഞു. ഈ ലേലത്തിന്റെ അന്താരാഷ്ട്ര പ്രശസ്തി തന്റെ ഫാമിൽ വളർത്തിയ 38 ഫാൽക്കണുകളോടൊപ്പം പങ്കെടുക്കാൻ തന്നെ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
സൗദി ഫാൽക്കൺസ് ക്ലബിൽനിന്ന് ലഭിച്ച പിന്തുണയാണ് ഇതിന് ഞങ്ങളെ പ്രേരിപ്പിച്ചത്. കാനഡയിൽനിന്ന് വിമാനം വഴി ഫാൽക്കണുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്ന രീതിയെക്കുറിച്ചും പ്രദർശന സ്ഥലത്ത് സുരക്ഷിതമായി എത്തുന്നതുവരെ പക്ഷികൾക്ക് നൽകേണ്ട പരിചരണത്തെക്കുറിച്ചും ക്ലബ് സമഗ്രമായ അറിവാണ് നൽകിയതെന്നും ജോൺ പറഞ്ഞു. അമേരിക്കയിലെ ഫാൽക്കൺ ഉൽപാദകർക്കിടയിൽ പ്രശസ്തമായ പേരുകളിലൊന്നാണ് ജോൺ ലെജ്യൂൺ എന്ന് സെയിൽസ് ഏജൻറ് ഉമർ അൽ റഖാബി പറഞ്ഞു. ‘ഫാൽക്കൺ ഉൽപാദന ഫാമുകളുടെ മാതാവ്’ എന്നാണ് ഈ ഫാം അറിയപ്പെടുന്നത്.
ഫാൽക്കൺ ജീനുകളിൽ താൽപര്യമുള്ളവർ ജോൺ ലെജ്യൂണെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വേട്ടയാടുന്ന ഫാൽക്കണുകളുടെയും ഫാസ്റ്റ് ഫാൽക്കണുകളുടെയും റഫറൻസായി അതിനെ കണക്കാക്കുന്നു. ഫാമിന്റെ പ്രവർത്തനം ഉൽപാദനത്തിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച്, ലോകത്തിലെ ഫാൽക്കൺ പ്രേമികൾ ആഗ്രഹിക്കുന്ന ഇനങ്ങളുടെ ഫാൽക്കണുകളുടെ ജീനുകളെ സംരക്ഷിക്കുകയാണ്. ഫാമിൽ ഒരു തരം ഫാൽക്കൺ മാത്രമെ ഉൽപാദിപ്പിക്കുന്നുള്ളൂ. അവയുടെ വിലയും ഭാരവും വലുപ്പവും അനുസരിച്ച് വ്യത്യാസപ്പെടുന്നുവെന്നും ഉമർ അൽ റഖാബി പറഞ്ഞു.
20 ദിവസം നീളുന്ന ഫാൽക്കൺ പ്രൊഡക്ഷൻ ഫാമുകളുടെ അന്താരാഷ്ട്ര ലേലം റിയാദിൽ പുരോഗമിക്കുകയാണ്. ലോകത്ത് ഉൽപാദിപ്പിക്കുന്ന ഫാൽക്കണുകളുടെ മികച്ച ഇനങ്ങളാണ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് ഒരുമിച്ച് കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ ഫാൽക്കൺ പ്രേമികളും ഫാൽക്കൺ നിർമാതാക്കളും വർഷന്തോറും കണ്ടുമുട്ടുന്ന ഒരു അന്താരാഷ്ട്ര പ്ലാറ്റ്ഫോമായി റിയാദ് മാറിയിരിക്കുന്നു. ഫാൽക്കൺ പ്രേമികളുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സൗദി ഫാൽക്കൺ ക്ലബ് ലോകത്തെ പ്രശസ്ത ഫാൽക്കൺ ഉൽപാദന ഫാമുകളെ പെങ്കടുപ്പിച്ച് അന്താരാഷ്ട്ര ഫാൽക്കൺ ലേലം സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.