റിയാദിൽ അന്താരാഷ്ട്ര ഫാൽക്കൺ മേള സമാപിച്ചു
text_fieldsറിയാദ്: സൗദി ഫാൽക്കൺ ക്ലബ് റിയാദിന് സമീപം മൽഹമിൽ സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഫാൽക്കൺ മേള സമാപിച്ചു. മൂന്ന് ഫാൽക്കണുകൾക്ക് 2,62,000 റിയാൽ ലേലം ഉറപ്പിച്ചുകൊണ്ടാണ് ദേശാന്തര ശ്രദ്ധയാകർഷിച്ച മേളക്ക് പര്യവസാനമായത്. കഴിഞ്ഞ മാസം 25ന് ആരംഭിച്ച ദശദിന മേളയിൽ ലോകത്തെ പ്രമുഖ ഫാമുകളിൽ നിന്നെത്തിയ ഫാൽക്കണുകൾ വിവിധ തലങ്ങളിൽ മാറ്റുരച്ചു. അമേരിക്ക, ജർമനി, ബ്രിട്ടൻ, സ്‌പെയിൻ അടക്കമുള്ള 17 രാജ്യങ്ങളിൽ നിന്നുള്ള 40 ലധികം ഫാമുകളിൽനിന്നുള്ള ഫാൽക്കണുകൾ മേളക്കെത്തി.
സമാപന ദിവസം താരമായത് ജർമനിയിലെ ഹുബാറ ഫാൽക്കൺസ് ഫാമിൽനിന്നുള്ള 'ഹർ മിൻ ഹർ' എന്ന കുഞ്ഞു ഫാൽക്കണാണ്. അരലക്ഷം റിയാലിൽ തുടങ്ങിയ ലേലം ഉറപ്പിച്ചത് 1,77,000 റിയാലിനാണ്. അടുത്തത് 51,000 റിയാലിനും മൂന്നാമത്തേത് 34,000 റിയാലിനും വിറ്റുപോയി. വേഗതയിലും വേട്ടയാടലിലും അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ നേടിയ അപൂർവ ഇനം ഫാൽക്കണുകളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് സംഘാടകരുടെ വിജയമായി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രാപ്പിടിയൻ സ്നേഹികൾ മേളയ്ക്ക് സാക്ഷ്യം വഹിക്കാൻ മൽഹമിലെത്തിയിരുന്നു.
വ്യത്യസ്തയിനം ഫാൽക്കണുകളുടെ പ്രദർശനത്തിന് പവലിയനുകൾ ഒരുക്കിയതിന് പുറമേ പ്രാപ്പിടിയൻ സംരക്ഷണ ക്ലാസ്സുകൾ, പ്രാപ്പിടിയൻ വളർത്തലിൽ കുട്ടികൾക്ക് താല്പര്യം വളർത്താനുതകുന്ന പരിപാടികൾ, ഗെയിമുകൾ എന്നിവയും മേളയിൽ ഒരുക്കിയിരുന്നു. കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസർ ഡോ. സുബൈർ മേടമ്മൽ സൗദി സർക്കാരിെൻറ ക്ഷണിതാവായി 10 ദിവസവും മേളയിൽ പങ്കെടുത്ത് പ്രാപ്പിടിയൻ വളർത്തലും സംരക്ഷണവും സംബന്ധിച്ച് സൗദി വിദ്യാർഥികൾക്ക് ക്ലാസുകൾ നയിക്കുകയും പൊതുജനങ്ങളുമായി മുഖാമുഖം പരിപാടി നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.