ബ്രിട്ടന്റെ ആകാശത്ത് വിസ്മയം തീർത്ത് ‘സൗദി ഫാൽക്കൺസ്’
text_fieldsയാംബു: ബ്രിട്ടനിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക വ്യോമാഭ്യാസമായ ‘റോയൽ ഇൻറർനാഷനൽ എയർ ടാറ്റൂ’വിൽ (ആർ.ഐ.എ.ടി) വിസ്മയക്കാഴ്ച തീർത്ത് സൗദിയുടെ റോയൽ എയർഫോഴ്സിന്റെ ഫാൽക്കൺസ് എയ്റോബാറ്റിക് ടീം. സൗദി ഹോക്സ് എയ്റോബാറ്റിക് ടീം മേളയിൽ തുടർച്ചയായ രണ്ടു ദിവസങ്ങളിലും ആകാശ വിസ്മയം രചിച്ച് വർണാഭമായ പ്രകടനം കാഴ്ചവെച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇംഗ്ലണ്ടിലെ ഫെയർഫോർഡിലാണ് ഈ വർഷത്തെ ഇൻറർനാഷനൽ എയർ ടാറ്റൂവിന് വേദിയൊരുങ്ങിയത്. സൗദി ഫാൽക്കൺസ് ടീമിന്റെ ആസൂത്രണവും ആകാശ പ്രകടനങ്ങളും ആഗോളതലത്തിൽത്തന്നെ ഏറെ ശ്രദ്ധേയമായെന്നും സൗദി ഹോക്സ് ടീമിന്റെ കഴിവുകളും അവരുടെ കൃത്യതയും പ്രദർശിപ്പിച്ച വേറിട്ട കാഴ്ചകളും രാജ്യത്തിന്റെ അഭിമാനമാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
‘സൗദി ഫാൽക്കൺസ്’ ടീമിന്റെ സൈനിക പ്രകടനങ്ങൾക്കുപുറമെ പ്രദർശനത്തിനായി പ്രത്യേക ടെൻറും ഒരുക്കിയിരുന്നു. ഇത് ധാരാളം സന്ദർശകരെ ആകർഷിച്ചു. പവിലിയൻ സന്ദർശിച്ചവർക്ക് സൗദി കാപ്പി ആസ്വദിക്കാൻ അവസരം ഉണ്ടായിരുന്നെന്നും രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും അറിയാൻ അത് വഴിവെച്ചെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി ഫാൽക്കൺസ് ടീം അക്രോബാറ്റിക്സ് എയർ ഷോയിലും ഇന്ധനം നിറക്കാൻ കഴിവുള്ള വിമാനങ്ങളുടെ പ്രത്യേക ഷോകളിലും പങ്കെടുത്ത് ദൃശ്യവിസ്മയം ഒരുക്കി.
സൈനിക അഭ്യാസത്തിനായി ഒരുക്കിയ വിമാനങ്ങളുടെ മൾട്ടി റോൾ കഴിവുകൾ പ്രദർശിപ്പിക്കാനും അവസരം ഒരുക്കിയിരുന്നു. സൗദി പ്രതിനിധി സംഘത്തിന്റെ സാന്നിധ്യം കൂടുതൽ ആവേശം നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. ലോകമെമ്പാടുമുള്ള 56ലധികം സൈനിക ടീമുകളാണ് അത്യാകർഷകമായ പ്രകടനങ്ങൾ സൈനിക എയർഷോയിൽ തീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.