വിശപ്പിെൻറ ആഴം മാറ്റിയ സൗദി കുടുംബം
text_fieldsഏതൊരു പ്രവാസിയെയും പോലെ ഒരായിരം സ്വപ്നങ്ങളുമായി ഞാനും 1988 ആഗസ്റ്റ് 10ന് സൗദിയിൽ കാലുകുത്തി. 33 വർഷത്തെ പ്രവാസത്തിനിടയിൽ പിന്നിട്ട വഴികളിൽ മറന്നു പോവാതെ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാട് മുഖങ്ങളുണ്ട്. ഗൾഫ് ജീവിതത്തിലെ ആദ്യാനുഭവം മാത്രം ഇവിടെ കുറിക്കട്ടെ.
സൗദിയിലെ പ്രശസ്തമായ കാറ്ററിങ് കമ്പനിയിലേക്ക് അതിെൻറ തകർച്ചയുടെ അവസാന കാലത്താണ് ഞങ്ങൾ 45 പേർ എത്തുന്നത്. സൗദിയിൽ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലേക്കും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ചുമതല ഈ കമ്പനിക്കായിരുന്നു. ദഹ്റാൻ എയർപോർട്ടിൽ ഇറങ്ങിയ ഞങ്ങളെ അവിടെയുള്ള താമസസ്ഥലത്ത് എത്തിച്ചു. രണ്ട് ദിവസം കഴിഞ്ഞ്, 40 പേരെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനായി ബസിൽ കയറ്റി.
തബൂക്കിലേക്കായിരുന്നു യാത്ര. അതിരാവിലെ പുറപ്പെട്ട ഞങ്ങൾ ഉച്ച ആയപ്പോഴേക്കും ക്ഷീണിതരായി. വാഹനത്തിൽ വലിയ ഒരു കൂളർ നിറയെ കുടിവെള്ളം ഉണ്ടായിരുന്നതു കൊണ്ട് ദാഹത്തിന് ഒരുപരിധി വരെ ശമനമുണ്ടായി. പക്ഷേ വാഹനത്തിലെ എ.സി പ്രവർത്തിക്കാത്തതിനാൽ വിൻഡോ പാതി തുറന്നായിരുന്നു യാത്ര. ഇരുവശത്തും നോക്കെത്താദൂരത്തിൽ മരുഭൂമി.
യാത്രയിലെ കഠിനമായ ചൂടും പൊടിക്കാറ്റും ഞങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. കുറെ ചെന്നപ്പോൾ വാഹനം ഇന്ധനം നിറക്കാനുള്ള സ്ഥലെത്തത്തി. യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടായിരുന്നതു കൊണ്ടാവാം അവിടെ വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ ഡ്രൈവർ (ഒരു സാധു സുഡാനി പൗരൻ) ഇന്ധനം നിറക്കാനായി മാത്രമാണ് നിർത്തിയത്.
ഞങ്ങളുടെ വാഹനത്തിന് അടുത്ത് ഒരു സൗദി കുടുംബത്തിെൻറ വാഹനം നിർത്തിയിരുന്നു. അതിലെ സൗദി കുടുംബനാഥൻ ഇറങ്ങിപ്പോയി. പുറത്തേക്ക് കണ്ണും നട്ടിരിക്കുന്നതിനിടയിൽ, ആ അറബി കൈയിൽ എന്തോ സാധനങ്ങളുമായി അദ്ദേഹത്തിെൻറ വാഹനത്തിൽ കയറി. അൽപം കഴിഞ്ഞ് പുറത്തിറങ്ങി ഞങ്ങളുടെ വാഹനത്തിെൻറ അരികിൽവന്ന് എന്തോ ചോദിച്ചു. അറബി ഭാഷ അറിയാത്തതിെൻറ ദയനീയത മനസ്സിലാക്കിയ അദ്ദേഹം, ഞങ്ങളുടെ ഡ്രൈവറോട് ഇറങ്ങി വരാൻ പറഞ്ഞു.
ഇന്ധനം നിറച്ച് കഴിഞ്ഞിരുന്നതിനാൽ ബസ് ഒരിടത്തേക്ക് മാറ്റിയിട്ടശേഷം അദ്ദേഹം ഇറങ്ങിച്ചെന്നു. ആ അറബി അദ്ദേഹത്തോട് എന്തൊക്കെയോ ചോദിച്ചശേഷം ഞങ്ങളോട് ഇറങ്ങിവരാൻ ആംഗ്യഭാഷയിൽ പറഞ്ഞു. ഞങ്ങളെയും കൂട്ടി അവിടുള്ള സൂപ്പർ മാർക്കറ്റിൽ കയറി ആവശ്യമുള്ളത് എടുത്തോളാൻ പറഞ്ഞു.
ഞങ്ങളുടെ പരിചയമില്ലായ്മ കണ്ടാവാം, അവിടെയുള്ള തൊഴിലാളിയോട് വെള്ളവും ജ്യൂസുകളും കേക്ക്, ബ്രഡ് പോലുള്ള സാധനങ്ങൾ ഓരോരുത്തർക്കും വെവ്വേറെ കവറുകളിൽ ആക്കി കൊടുക്കാൻ പറഞ്ഞു. എല്ലാ സാധനങ്ങളും ധാരാളം ഉണ്ടായിരുന്നു. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണ് നിറഞ്ഞു. അദ്ദേഹത്തോട് താങ്ക്യു എന്ന് മാത്രം പറയാനേ അറിയുമായിരുന്നുള്ളൂ. അദ്ദേഹം എന്തൊക്കെയോ ചിരിച്ചു കൊണ്ട് പറയുകയും ചിലരുടെ പുറത്ത് തലോടുകയും ചെയ്തു. വിശപ്പും ദാഹവും നിറഞ്ഞ ഞങ്ങൾക്ക് ഈ കവറുകൾ വല്ലാത്ത അനുഗ്രഹമായി.
ഓരോരുത്തരുടേയും കണ്ണുകൾ ആ നന്മ നിറഞ്ഞ മനുഷ്യെൻറ പിന്നാലെയായിരുന്നു.വാഹനത്തിൽ അദ്ദേഹവും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ആയിരുന്നു. അവർ എന്തൊക്കെയോ പറയുകയും ടാറ്റാ പറഞ്ഞ് പോവുകയും ചെയ്തു. ഞങ്ങൾ എല്ലാവരും റബ്ബിനെ സ്തുതിച്ചശേഷം ആകുടുംബത്തിന് നന്മ വരണേ എന്ന് പ്രാർഥിച്ചു.
ഭർത്താവ് പുറത്തുപോയി വന്ന സമയത്തിനുള്ളിൽ ഞങ്ങളുടെ ദയനീയത മുഖഭാവങ്ങളിൽ നിന്ന് മനസ്സിലാക്കി ഭർത്താവിനെക്കൊണ്ട് ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും വാങ്ങിത്തരാൻ പ്രേരിപ്പിച്ച ആ സഹോദരി മാതൃസ്നേഹത്തിെൻറ, കൂടപ്പിറപ്പിെൻറ തനി പകർപ്പായി ഇന്നും ഓർമകളിൽ നിൽക്കുന്നു.
ഞങ്ങൾക്ക് വേണ്ടുവോളം സാധനങ്ങൾ വാങ്ങിത്തരുമ്പോൾ ആ മനുഷ്യെൻറ മുഖത്തെ പ്രസന്നത ഇന്നും ഓർമയിൽ ഒരുതരി മായാതെ കിടപ്പുണ്ട്.ഞങ്ങൾക്ക് അന്ന് അനുഭവപ്പെട്ട സന്തോഷം വാക്കുകൾക്കതീതമാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത (പർദയും മുഖാവരണവും ആയിരുന്നു വേഷം) ആ പ്രിയ സഹോദരിയെയും ഇന്നും മനസ്സിൽ തെളിഞ്ഞ് നിൽക്കുന്ന ആ നന്മ നിറഞ്ഞ സഹോദരനെയും സ്നേഹത്തോടെ എന്നും ഓർക്കും, ഒരുപാട് അനുഭവങ്ങൾ ഓർമകളിൽ നിറയുന്നുവെങ്കിലും.
അനുഭവമെഴുതൂ, സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ.ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക.
100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.