സൗദി കർഷകർ ഉരുളക്കിഴങ്ങ് കയറ്റുമതിക്ക് തയാറെടുക്കുന്നു
text_fieldsജുബൈൽ: ഉരുളക്കിഴങ്ങ് കർഷകർക്ക് കയറ്റുമതിക്ക് അനുമതി നൽകാനുള്ള സാധ്യത പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം പരിശോധിക്കുന്നു. കർഷകരുമായി കരാറുണ്ടാക്കിയ ശേഷം അവരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുകയാണ് ലക്ഷ്യം. കയറ്റുമതിക്കുള്ള നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് കർഷകർ രാജ്യത്ത് വിൽക്കുന്ന ഉരുളക്കിഴങ്ങിന്റെ അളവും കയറ്റുമതിക്കുള്ള തോതും വ്യക്തമാക്കണം. ഡ്രിപ് ഇറിഗേഷൻ സാങ്കേതികവിദ്യ മാത്രം ഉപയോഗിക്കുന്ന കൃഷിത്തോട്ടങ്ങളുമായേ വാങ്ങൽ കരാറിലേർപ്പെടൂ. ആഭ്യന്തരവിതരണത്തിന് മാത്രമല്ല, കയറ്റുമതിക്കുകൂടി ഉരുളക്കിഴങ്ങ് നിശ്ചിത അളവിൽ ആ തോട്ടങ്ങൾ ഉൽപാദിപ്പിക്കുന്നുവെന്ന് ഉറപ്പാക്കും. കിഴങ്ങ് കൃഷിക്കായി നീക്കിവെച്ചിരിക്കുന്ന ഭൂമി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നും വ്യവസ്ഥകളിൽ വ്യക്തമാക്കുന്നു. കൂടാതെ, ഒരു ഹെക്ടറിലെ ശരാശരി ഉൽപാദനം, ആവശ്യമായ പ്രദേശം എന്നിവ അനുസരിച്ച് കാർഷിക രജിസ്ട്രേഷൻ ഉണ്ടായിരിക്കും.
ഉരുളക്കിഴങ്ങിന്റെ അളവ്, നടേണ്ട സ്ഥലങ്ങൾ, ഓരോ തോട്ടത്തിനും ഉപയോഗിക്കുന്ന ജലസേചന സ്രോതസ്സുകൾ, കൃഷിചെയ്യാൻ സമ്മതിച്ച കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേര് എന്നിവ വ്യക്തമാക്കണം. കിഴങ്ങ് കൃഷിക്കായി കരാർ നൽകിയ സ്ഥലങ്ങളിൽ പുതിയ കിണർ കുഴിക്കാൻ അനുവദിക്കില്ല. കൃഷി ചെയ്യുന്ന പ്രദേശങ്ങൾ, ഉൽപന്നത്തിന്റെ തരവും അളവും തുടങ്ങിയവ മന്ത്രാലയം പരിശോധിക്കും. ഒരുവർഷത്തേക്ക് പ്രാരംഭ ലൈസൻസ് നൽകും. ആഭ്യന്തര വിപണിക്കും കയറ്റുമതിക്കും ആവശ്യമായ അളവിൽ മാത്രമേ ഉരുളക്കിഴങ്ങ് ഉൽപാദിപ്പിക്കൂ എന്ന സമ്മതപത്രവും ലൈസൻസ് നൽകുന്നതിന് വേണം. രാജ്യത്തുടനീളം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന പ്രദേശങ്ങൾ 7,000 ഹെക്ടറിൽ കൂടരുത്. ഡ്രിപ് ഫാമിങ് സാങ്കേതികവിദ്യ ഉപയോഗിക്കണം എന്നിവയും നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.