സൗദി സിനിമ അന്തരാഷ്ട്ര തലത്തിലേക്ക്; ലോക ഫിലിം കമീഷനിൽ അംഗമായി സൗദി ഫിലിം കമീഷൻ
text_fieldsദമ്മാം: 40ലധികം രാജ്യങ്ങളിൽ നിന്നുള്ള 360 ഓളം ഫിലിം ബോർഡുകളുടെ ആഗോള ശൃംഖലയായ അസോസിയേഷൻ ഓഫ് ഫിലിം കമീഷണേഴ്സ് ഇൻറർനാഷനലിൽ സൗദി ഫിലിം കമീഷൻ ഔദ്യോഗികമായി അംഗമായി. സൗദി വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായത്തെ യോജിപ്പിച്ച് സുരക്ഷിതവും മികച്ചതുമായ വിജയം നേടുന്നതിന് ഫിലിം കമീഷനുകളെ സഹായിക്കുക എന്നതാണ് അന്താരാഷ്ട്ര ഫിലിം കമീഷന്റെ ലക്ഷ്യം. ഇതിൽ അംഗത്വം നേടിയതിലൂടെ നിരവധി നേട്ടങ്ങളാണ് സൗദി ഫിലിം കമീഷന് കൈവരികയെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ മികച്ച സിനിമാപ്രവർത്തകരുടെ ഉപദേശ നിർദേശങ്ങൾ, ആഗോള സിനിമ ശൃംഖലയുമായുള്ള ബന്ധം, സിനിമ മേഖലയിൽ രൂപപ്പെടുന്ന ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള അറിവുകൾ, മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള അറിവുകൾ, പ്രത്യേക പരിശീലന, വികസന പരിപാടികൾ എന്നിവ എളുപ്പം ലഭ്യമാകും. ഇതിലുടെ സൗദി സിനിമക്ക് ഏറ്റവും മികച്ച മേഖലകളിലേക്ക് അതിവേഗം പ്രവേശിക്കപ്പെടാൻ സാധിക്കും. മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രതിഭകൾക്ക് അന്താരാഷ്ട്ര അവസരങ്ങൾ ലഭ്യമാക്കാനും സിനിമ കമീഷന് കഴിയും. ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് ഫിലിം കമീഷണേഴ്സ് ഇന്റർനാഷനൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര അവസരങ്ങൾ, സിനിമ പഠിക്കുന്നതിനുള്ള സാഹചര്യങ്ങൾ, നിർമാണ മേഖലക്കുള്ള സഹായങ്ങൾ എന്നിവ എളുപ്പം ലഭ്യമാക്കുന്നു. ഈ സമഗ്രമായ പിന്തുണ സിനിമാ പ്രവർത്തകർക്കും നിർമാതാക്കൾക്കും നിർമാണ കമ്പനികൾക്കും സിനിമാമേഖലയിലെ പ്രഫഷനലുകൾക്കും ഏറെ പ്രയോജനകരമാകും.
അസോസിയേഷൻ ഓഫ് ഫിലിം കമീഷണേഴ്സ് ഇന്റർനാഷനലിലെ അംഗത്വം, സൗദി സിനിമാ വ്യവസായത്തിന്റെ ആഗോള കേന്ദ്രമായി മാറുന്നതിനുള്ള ശ്രമങ്ങളുടെ തന്ത്രപരമായ ചുവടുവെപ്പാണ്. ഈ നീക്കം ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും സൗദി ചലച്ചിത്ര വ്യവസായത്തെ പ്രാദേശികവും അന്തർദേശീയവുമായ ഘട്ടങ്ങളിൽ ഉയർത്താനും സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.