സൗദി ഫിലിം കമീഷൻ പരിശീലനത്തിന് തുടക്കം; സിനിമ രംഗത്ത് തദ്ദേശീയ പ്രതിഭകളെ വളർത്താൻ പദ്ധതി
text_fieldsറിയാദ്: മത്സരാധിഷ്ഠിത പരിശീലന അവസരങ്ങളിലൂടെ സിനിമ മേഖലയിൽ സ്വദേശി പ്രതിഭകളുടെ സർഗശേഷി വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും പദ്ധതികളുമായി സൗദി ഫിലിം കമീഷൻ.
ഇതിന്റെ തുടക്കമായി ഫിലിം മേക്കേഴ്സ് പ്രോഗ്രാമിന്റെ നാലാമത് സെഷനും ‘കാദർ’ പരിശീലനപരിപാടിക്കും റിയാദിൽ തുടക്കമായി. കമീഷൻ സി.ഇ.ഒ അബ്ദുല്ല അൽ ഇയാഫിന്റെ സാന്നിധ്യത്തിൽ ബൊളിവാഡ് സിറ്റിയിലെ മൂവി സിനിമയിലായിരുന്നു ഉദ്ഘാടനചടങ്ങ്.
സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള പഠനവും പരിശീലനവുമാണ് ഈ മേളയിൽ നൽകുന്നത്. ഇതിനകം ഇങ്ങനെ വാർത്തെടുക്കപ്പെട്ട നിരവധി പ്രതിഭകളാൽ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സ്വന്തം മുദ്രപതിപ്പിക്കാനായ സിനിമകൾ നിർമിക്കാൻ കഴിഞ്ഞെന്ന് അബ്ദുല്ല അൽഇയാഫ് പറഞ്ഞു. പ്രമുഖ പരിശീലകരുടെയും സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുകളുടെയും മേൽനോട്ടം ഇതിനു കാരണമായിട്ടുണ്ട്.
ഇത്തവണ ‘ഫിലിം വാല്യൂ ചെയിനി’ന്റെ 20 മേഖലകളിലായി 4,000 പേർക്ക് പരിശീലനം നൽകാനും രാജ്യത്തുടനീളം 13 ഇടങ്ങളിൽ 150 പരിശീലനക്കളരികൾ നടത്താനും 10 മാസ്റ്റർ ക്ലാസ് കോഴ്സുകൾ നടത്താനുമാണ് പദ്ധതിയുള്ളത്.
‘കാദർ’ പ്രോഗ്രാമിലൂടെ ഏകദേശം 10 അന്താരാഷ്ട്ര സിനിമ പ്രൊഡക്ഷൻ ഹൗസുകളുടെ പങ്കാളിത്തത്തോടെ 50 ദേശീയ പ്രതിഭകളെ തിരഞ്ഞെടുക്കും. തുടക്കക്കാർക്കും പ്രഫഷനലുകൾക്കുമായി മൂന്ന് വ്യത്യസ്ത ട്രാക്കുകൾ ഒരുക്കുന്ന ഫിലിം മേക്കേഴ്സ് പ്രോഗ്രാം, വ്യക്തിപരവും വിദൂരവുമായ പരിശീലന കോഴ്സുകൾ, മാസ്റ്റർ ക്ലാസുകൾ തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.
മികച്ച പ്രഫഷനൽ പരിശീലന പരിപാടികളാൽ ദേശീയ പ്രതിഭകളെ ശാക്തീകരിക്കാനും പ്രാദേശിക നിലവാരം മെച്ചപ്പെടുത്താനും ഉന്നമിടുന്നു.
‘കാദർ’ പ്രോഗ്രാം പ്രധാനമായും ഫിലിംമേക്കിങ് പ്രഫഷനലുകളെ ലക്ഷ്യമിടുന്നു. കൂടാതെ ലോകമെമ്പാടുമുള്ള മികച്ച വിദഗ്ധരും സ്പെഷലിസ്റ്റുകളുമുള്ള ഒരു അന്താരാഷ്ട്ര ചലച്ചിത്രപ്രവർത്തകരുടെ സാന്നിധ്യത്തിൽ അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുകളുടെ സഹകരണത്തോടെ പരിശീലന കളരികൾ സംഘടിപ്പിക്കും. ഈ മേഖലയിലെ സൗദി പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും പരിഷ്കരിക്കാനും അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായത്തിൽ അവരുടെ സാന്നിധ്യം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ചലച്ചിത്രനിർമാതാക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാനും ലോകവേദിയിൽ മത്സരിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾ നിർമിക്കാനും സ്വദേശികൾക്ക് ഇതുമൂലം സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.