സൗദി ഫിലിം ഫോറം രണ്ടാം പതിപ്പിന് റിയാദിൽ തുടക്കം
text_fieldsറിയാദ്: സൗദി ഫിലിം ഫോറത്തിെൻറ രണ്ടാം പതിപ്പിന് റിയാദിൽ തുടക്കം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിർമാതാക്കൾ, കലാകാരന്മാർ, വിദഗ്ധർ, ചലച്ചിത്ര പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സാംസ്കാരിക മന്ത്രിയും ഫിലിം അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദല്ല ബിൻ ഫർഹാൻ ഫോറം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വരെയാണ് പരിപാടി.
ചലച്ചിത്ര നിർമാണം മുതൽ പ്രദർശനവും വിതരണവും വരെ ക്രിയേറ്റിവ് ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ചലച്ചിത്ര വ്യവസായത്തിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് സൗദി ഫിലിം ഫോറമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.
പ്രാദേശികമായും അന്തർദേശീയമായും സിനിമയെന്നത് ഏഴാം കലയുടെ മത്സരക്ഷമത വർധിപ്പിക്കുന്ന ഒരു സംയോജിത അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് ഉപകരിക്കും. അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന, തലമുറകളുടെ ഓർമയിൽ നിലനിൽക്കാൻ കഥകൾ എഴുതപ്പെടുന്ന ഒരു സമ്പദ്വ്യവസ്ഥ എന്ന നിലയിൽ ചലച്ചിത്ര നിർമാണത്തിെൻറ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു.
സർഗാത്മകതയുടെയും പഠനത്തിെൻറയും അതിർവരമ്പുകൾ മറികടക്കുന്ന ഒരു പുതിയ ഘട്ടം സ്ഥാപിക്കാനും ലോകവുമായുള്ള സാംസ്കാരികവും സാമ്പത്തികവുമായ ആശയവിനിമയത്തിനുള്ള പാലത്തെ പ്രതിനിധീകരിക്കുന്ന ഒരു സംയോജിത ചലച്ചിത്ര വ്യവസായം സ്ഥാപിക്കാനുമാണ് ഫിലിം കമീഷൻ ഫോറത്തിലൂടെ ശ്രമിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.
ചലച്ചിത്ര നിർമാണത്തിനും പ്രതിഭകളെ ശാക്തീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രദർശന-വിതരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ കേന്ദ്രമായി രാജ്യം മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 65-ലധികം പ്രമുഖ പ്രഭാഷകർ പങ്കെടുക്കുന്ന 35-ലധികം പരിപാടികൾ ഉൾക്കൊള്ളുന്ന സാംസ്കാരികമേള ഫോറത്തിെൻറ ഭാഗമാണ്.
30 ഡയലോഗ് സെഷനുകൾ, 15 സ്പെഷലൈസ്ഡ് വർക്ക്ഷോപ്പുകൾ, ഫിലിം ടോക്ക് സെഷനുകൾ, ഫിലിം നിർമാണത്തിെൻറ വിവിധ മേഖലകൾ എന്നിവ ഫോറത്തിലുൾപ്പെടുന്നു.
രാജ്യത്തെ സിനിമാ വ്യവസായത്തെ ശാക്തീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, നിക്ഷേപ അവസരങ്ങളും പങ്കാളിത്തവും വർധിപ്പിക്കുക എന്നിവയാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്.
‘വിഷൻ 2030’ൽനിന്ന് ഉരുത്തിരിഞ്ഞ ദേശീയ സാംസ്കാരിക തന്ത്രത്തിന് അനുസൃതമായി ഫോറം രാജ്യത്തിലെ ചലച്ചിത്ര-കലാ വ്യവസായത്തിന് ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.