2020 വെല്ലുവിളി നിറഞ്ഞ വർഷമെന്ന് ധനകാര്യ മന്ത്രി
text_fieldsജിദ്ദ: 2020 ഏറ്റവും വെല്ലുവിളി നിറഞ്ഞ വർഷമായെന്നും പ്രതിസന്ധികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സൗദി ധനകാര്യ മന്ത്രിയും സാമ്പത്തിക ആസൂത്രണ ആക്ടിങ് മന്ത്രിയുമായ മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ യൂറോമണി ഇൻറർനാഷനൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'യൂറോമണി സൗദി 2020' വെർച്വൽ സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ പ്രതിന്ധികളും നേരിടാനുള്ള കഴിവ് സൗദി അറേബ്യക്കുണ്ട്. പ്രതിസന്ധി നിയന്ത്രിക്കാൻ ഗവൺമെൻറിെൻറ സമഗ്രവും സമ്പൂർണവുമായ പിന്തുണ വളരെയധികം സഹായിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥ സംരക്ഷിക്കാനുള്ള പ്രവർത്തനം വളരെ അനുകൂലമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇൗ വർഷത്തെ ജി20 സമ്മേളനത്തിെൻറ അധ്യക്ഷ പദവി വഹിക്കുന്ന രാജ്യത്തിന് ശക്തമായ അജണ്ടയുണ്ട്. കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾതന്നെ സൽമാൻ രാജാവ് രാജ്യത്തെ മുഴുവനാളുകൾക്കും ആതുരശുശ്രൂഷ സൗജന്യമായി നൽകാൻ ഉത്തരവിട്ടിരുന്നു.
പൗരന്മാരുടെ ആരോഗ്യത്തിന് മുന്തിയ പരിഗണനയാണ് രാജ്യം നൽകിവരുന്നത്. ഇതിനായി മുൻകൂട്ടി പല പദ്ധതികളും ആവിഷ്ക്കരിച്ചു നടപ്പാക്കി. ഫണ്ടുകൾ ആരോഗ്യത്തിനായി തിരിച്ചുവിട്ടു. മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന രാജ്യമാണ് സൗദി അറേബ്യ.
വിവിധതരം വരുമാനങ്ങളിൽ ഇന്നിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാനും വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇൗ വർഷം തുടക്കം മുതൽ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം തുടരുകയാണ്. വിഷൻ 2030 നടപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. കോവിഡ് പ്രതിസന്ധി ദീർഘകാല പദ്ധതികളെ ബാധിക്കില്ല. മാത്രമല്ല, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് മറ്റ് മാർഗങ്ങൾ തേടാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിരവധി മന്ത്രിമാരും സാമ്പത്തിക മേഖലയിലെ വിദഗ്ധരും സമ്മേളത്തിൽ പെങ്കടുക്കുന്നുണ്ട്. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക വിപണിയായ സൗദി അറേബ്യ എങ്ങനെയാണ് കോവിഡ് പ്രതിസന്ധിയെ സാമ്പത്തികമായി കൈകാര്യ ചെയ്യുക, പകർച്ചവ്യാധിയുടെ ആഘാതം സൗദി ബജറ്റിലും സർക്കാർ ചെലവുകളിലെ മാറ്റത്തിലും തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചെയ്യുന്നുണ്ട്.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സമ്മേളനങ്ങളിലൊന്നാണ് 'യൂറോമണി സൗദി അറേബ്യ' സമ്മേളനം. ജി20 നേതാക്കളുടെ ഉച്ചകോടിക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പാണ് ഇങ്ങനെയൊരു സമ്മേളനം നടക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.