ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് വിരുന്നൊരുക്കി സൗദി ഫുട്ബാൾ ഫെഡറേഷൻ
text_fieldsറിയാദ്: സൗദി സന്ദർശനത്തിനെത്തിയ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾക്ക് സൗദി ഫുട്ബാൾ ഫെഡറേഷൻ ഹൃദ്യമായ വിരുന്നൊരുക്കി. ഫൈനൽ മത്സരത്തിന് ശേഷം നടന്ന ചടങ്ങിൽ സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ അൽ മിസ്ഹൽ സംസാരിച്ചു. ഇന്ത്യൻ ഫുട്ബളിെൻറ വളർച്ചക്കും ഉന്നതിക്കും തങ്ങളുടെ എല്ലാവിധ സഹകരണവും പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഇത് പ്രവാസികളായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു അച്ചീവ്മെൻറ് ആണെന്നും ഇത് ചരിത്രത്തിൽ രേഖപ്പെടുമെന്നും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. രണ്ട് ഫുട്ബാൾ ഫെഡറേഷനുകളെയും അഭിനന്ദിക്കുകയും ഭാവി പരിപാടികൾക്ക് എംബസിയുടെ ഭാഗത്ത് നിന്നുള്ള സഹകരണം ഉറപ്പു നൽകുകയും ചെയ്തു. സഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും ഊഷ്മളമേറിയ സ്വീകരണമാണ് സൗദിയിൽ നിന്നും ലഭിച്ചതെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺ ചൗബെ പറഞ്ഞു. ഇരുവരും സൗദി ഭരണാധികാരികൾക്കും സൗദി ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾക്കും നന്ദി രേഖപ്പെടുത്തി.
86-ാമത് സന്തോഷ് ട്രോഫി സെമി, ഫൈനൽ മത്സരങ്ങൾ നടത്തിപ്പിനാണ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ സൗദിയിലെത്തിയത്. ഈ മാസം ഒന്നിനും നാലിനുമാണ് റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നത്. മേഘാലയയുമായി ഫൈനലിൽ ഏറ്റുമുട്ടി ജേതാക്കളായ കർണാടക 86-ാമത് സന്തോഷ് ട്രോഫി കിരീടം കിങ് ഫഹദ് സ്റ്റേഡിയത്തിൽ പ്രൗഢവും വർണാഭവുമായ ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.
ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ മേഘാലയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കർണാടക പരാജയപ്പെടുത്തിയത്. 54 വർഷത്തെ ഇടവേളക്ക് ശേഷമാണ് കർണാടക വിജയകിരീടം ചൂടുന്നത്. കർണാടക എന്ന പേരിൽ സംസ്ഥാനം നിലവിൽവന്ന ശേഷം ആദ്യമായിട്ടാണ് ഈ ട്രോഫി ലഭിക്കുന്നത്. സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ അൽ മിസ്ഹൽ, ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺ ചൗബേ എന്നിവർ സംയുക്തമായി മെഡലുകളും ട്രോഫിയും ജേതാക്കൾക്ക് സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള മെഡലുകളും മികച്ച കളിക്കാർക്കുള്ള കാഷ് പ്രൈസുകളും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡൻറ് എൻ.എ. ഹാരിസ്, സെക്രട്ടറി ഡോ. ഷാജി പ്രഭാകരൻ എന്നിവർ വിതരണം ചെയ്തു. സൗദി ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ, കർണാടക ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് എൻ.എ. ഹാരിസ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
സൗദി ഫുട്ബാൾ ഫെഡറേഷൻ ഒരുക്കിയ വിരുന്ന് സൽക്കാരത്തിൽ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ അംഗങ്ങൾക്ക് പുറമെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, എംബസി സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് സൈഗം ഖാൻ, പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട്, ഗൾഫ് മാധ്യമം റീജനൽ മാനേജർ സലീം മാഹി, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സന്തോഷ് ഷെട്ടി, രവൽ ആൻറണി, അബ്ദുൽ ജബ്ബാർ, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.